കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിന്റെ ശബ്ദ സാബിളുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കും. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പുവരുത്താനായാണ് ശബ്ദ സാബിളുകള്‍ ശേഖരിക്കുന്നത്.
കാക്കനാട് ഫോറന്‍സിക് ലാബില്‍ വച്ചാണ് പരിശോധന നടക്കുക. അതേസമയം മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്.
ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
അക്കൗണ്ടിൽ 176 രൂപ മാത്രം!
തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു ലക്ഷം രൂ കടംവാങ്ങിയിരുന്നു. ജീവനക്കാര്‍ക്ക് ആറുമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു
മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെയും രണ്ട് മക്കളുടെയും ബാങ്ക് അക്കൗണ്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.
ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പ്രതിമാസം 50,000 രൂപയാണ് നല്‍കിയിരുന്നത്. എട്ടുമാസമായി വീട്ടുവാടക നല്‍കിയിട്ടില്ല. മോന്സന് ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
പഴുതടച്ച് ക്രൈംബ്രാഞ്ച് അന്വേഷണം
മോന്‍സനെതിരെ പഴുതടച്ചാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. പരാതിക്കാരില്‍നിന്നും വിശദമായ മൊഴി സ്വീകരിച്ച് കൃത്യമായ തെളിവുകളും ശേഖരിച്ചാണ് മോന്‍സനെതിരേ ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നത്. ചോദ്യം ചെയ്യലിനൊപ്പം മോന്‍സന്റെ വീട്ടിലും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധനകളും പുരോഗമിക്കുകയാണ്.
നിരവധി പേര് മോന്‍സനെതിരേ മൊഴി നല്‍കാനെത്തിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുക്കലും ചോദ്യം ചെയ്യലും പുരോഗമിക്കുമ്പോള്‍ വരും ദിവസങ്ങളിലും വിവിധ വിഭാഗങ്ങളുടെ പരിശോധനകള്‍ നടക്കും. ക്രൈംബ്രാഞ്ച് സംഘം മോന്‍സന്റെ സഹായികളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചന.
മോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് പുരാവസ്തുക്കള്‍ വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചു. യഥാര്‍ഥ പഴക്കവും വിലയും തിട്ടപ്പെടുത്തി കേസ് ആധികാരികമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് നടപടി.
കുറഞ്ഞ വിലക്ക് വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ കോടികള്‍ വിലമതിക്കുന്ന അമൂല്യവസ്തുവാണെന്ന് ധരിപ്പിച്ചായിരുന്നു മോന്‍സന്റെ കബളിപ്പിക്കല്‍.
പരിശോധന നടത്തി വിവിധ വകുപ്പുകൾ
മോന്‍സന്റെ കലൂരിലെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധനകള്‍ നടന്നു. വിവിധ സംഘടനകളുടെ പദവികള്‍ വഹിക്കുന്നുവെന്ന് വ്യക്തമാക്കി വീടിന് മുന്നില്‍ ഇയാള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ അഴിച്ചുമാറ്റി.
ക്രൈംബ്രാഞ്ചിനൊപ്പം കസ്റ്റംസ്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെയെത്തി പരിശോധനകള്‍ നടത്തി. ഇന്നലെ ഉച്ചയോടെ കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ രണ്ട് ആനക്കൊമ്പും നിരവധി ശംഖുകളും കസ്റ്റഡിയിലെടുത്തു.
ആനക്കൊമ്പുകള്‍ വ്യാജമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. എങ്കിലും വിശദപരിശോധനക്കായി ലാബിലേക്ക് ഇവ കൈമാറും. ഫലം വന്നതിന് ശേഷം തുടര്‍നടപടി സ്വീകരിക്കും.ചൊവ്വാഴ്ച വനംവകുപ്പിന്റെ പ്രത്യേക സംഘം മോന്‍സന്റെ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
ഇന്നലെ വീണ്ടും നടത്തിയ പരിശോധന മണിക്കൂറുകളോളം നീണ്ടു. ആനക്കൊമ്പും വിവിധ വലുപ്പത്തിലുള്ള ശംഖുകളും മാത്രമേ വനംവകുപ്പിന്റെ അന്വേഷണ പരിധിയില്‍ വരുന്നതായി ഉണ്ടായിരുന്നുള്ളൂ. ആനക്കൊമ്പും ശംഖുകളും എവിടെന്ന് ലഭിച്ചതാണെന്നടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. മോന്‍സനിന്റെ കലൂരുള്ള വസതിയില്‍ കസ്റ്റംസും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ആഡംബര കാറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. 30ലധികം ആഡംബര വാഹനങ്ങളാണ് വിവിധ ഇടങ്ങളിലായി മോന്‍സന്റെ കൈവശമുള്ളത്. കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. രജിസ്ട്രേഷനിലടക്കം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.