കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികൾ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീടുകള്‍ക്കു സുരക്ഷയൊരുക്കാനും പിന്നീട് അയാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ.
2019 ജൂണ്‍ 13നാണ് മോന്‍സന്റെ വീടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ലോക്നാഥ് ബെഹ്റ കത്ത് നല്‍കിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2020ല്‍ ഇതേ ഡിജിപിതന്നെ മോന്‍സനെതിരേ എന്‍ഫോഴ്സ്മെന്റ് അന്വേഷണവും ശിപാര്‍ശ ചെയ്തു.
അമൂല്യമായ പുരാവസ്തു ശേഖരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ‘മോന്സന് എഡീഷൻ’ എന്ന വീടിനു സുരക്ഷ ഒരുക്കാൻ ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടത്.
ഇതിനു പിന്നാലെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കു പോലീസ് സുരക്ഷ ഒരുക്കുകയും ചെയ്തു.
നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്തുപോയി. സുരക്ഷ ഒരുക്കിയെന്നു ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍നിന്നു തിരിച്ചു ഡിജിപിക്കും കത്തയച്ചു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മോന്‍സനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് ഡിജിപി ശിപാര്‍ശ ചെയ്തത്. മോന്‍സനൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.