കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലും പോലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്.
മോൻസൻ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് മുൻ ഡ്രൈവർ ജെയ്സണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽനിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജെയ്സണ് വെളിപ്പെടുത്തിയിരിക്കുന്നത്.
സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സണ് വെളിപ്പെടുത്തി. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡ് കാലത്തായിരുന്നു ഈ യാത്രകൾ.
തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽനിന്ന് നെടുന്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സണ് പറയുന്നു.
ഇതു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും അദേഹം പറയുന്നു.
ഐജി ലക്ഷ്മണയ്ക്കെതിരേയും ആരോപണം
ഐജി ലക്ഷ്മണയ്ക്ക് എതിരേയും ജെയ്സണ് ആരോപണം ഉന്നയിച്ചു. കോവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി.
സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്ന ഘട്ടത്തിലാണ് പരിശോധനകൾ ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കയ്യൊപ്പും സീലും അടങ്ങിയ പാസുകൾ ഉപയോഗിച്ചത്.
മോൻസന്റെ കലൂരിലെ വീട്ടിൽനിന്ന് ഐജിയുടെ പേരിലാണ് പാസ് നൽകിയതെന്നും പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോണ് സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
കേസിൽ സാക്ഷിയായ ജെയ്സണ് ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. ചില ഫോട്ടോകളും തെളിവുകളായി കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം
പുരാവസ്തു തട്ടിപ്പുകേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് പരാതി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല, തെളിവുകൾ പലതും അട്ടിമറിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. അതിനാൽ ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർഥ പ്രതികളിൽ പലരും ഇപ്പോഴും പിടിയിലായില്ല.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതികൾ ഉണ്ട്. അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കേസിലുൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്ലീൻചിട്ടു നൽകിയതടക്കം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കേസിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിക്ക് ക്രൈംബ്രാഞ്ച് നൽകിയ മറുപടിയിൽനിന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്ന് മനസിലായതിനാലാണ് സിബിഐക്ക് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്
തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസണിൽനിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പട്രോളിംഗ് ബുക്ക് മോൻസണ്ന്റെ കലൂരിലെ വീട്ടിൽ വച്ചത് സ്വഭാവിക നടപടിയാണെന്നും, ഐജി ലക്ഷ്മണയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.