കൊച്ചി: മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയുടെ കുരുക്കു മുറുകുന്നു.
മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി. അഹമ്മദ്, സലീം എടത്തില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് മോന്സന് മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത് രംഗത്ത് എത്തിയിരിക്കുന്നത്.മോന്‍സന്റെ കൈയില്‍നിന്നും സുധാകരന് പണം വാങ്ങുന്നത് താന്‍ കണ്ടതാണ്. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്സന് പണം നല്‍കിയിട്ടുണ്ടെന്നും അജിത് ആരോപിക്കുന്നു.
കേസില്‍ രണ്ടുമാസം മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ക്രൈംബ്രാഞ്ചിനും മൊഴി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച സമയത്ത് സുധാകരന് പണം വാങ്ങിയ സംഭവം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
മോന്സന് പണം കൈമാറിയ അനൂപ് നല്കിയ 25 ലക്ഷത്തില്‍നിന്നാണ് സുധാകരന് 10 ലക്ഷം നല്‍കിയത്. ഡല്‍ഹിയിലെ ഫിനാന്‍സ് കമ്മിറ്റിയില്‍ അടയ്ക്കാനുളള പണമാണെന്ന് കാണിച്ചാണ് ഇത് കൈപ്പറ്റിയത്.
അനൂപ് 25 ലക്ഷമാണ് മോന്സന് കൈമാറിയതെന്ന് സുധാകരന് അറിയില്ല. നേരത്തെ പണം ആവശ്യപ്പെട്ടതിന് പുറമേ വീണ്ടും പണം ചോദിച്ചപ്പോഴാണ് സുധാകരന്റെ സാന്നിധ്യത്തില്‍ അനൂപിനെ വീട്ടില്‍ വിളിച്ചുവരുത്തിയത്.
സുധാകരന് കൈമാറിയ പണം എണ്ണിയത് താനും ജോഷി എന്ന സ്റ്റാഫും ചേര്‍ന്നാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് മോന്‍സനുമായി ബന്ധമുണ്ടെന്ന സുധാകരന്റെ ആരോപണം തെറ്റാണ്.
മോന്‍സന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും അടുപ്പമുണ്ടാക്കാന്‍ മോന്സന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും അനൂപ് പറഞ്ഞു.