കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള രണ്ടു പീഡനക്കേസുകളില്‍ ജാമ്യം തേടി മോന്സൻ മാവുങ്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
തന്റെ ജീവനക്കാരിയുടെ മകളെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനു സൗകര്യം നല്‍കാമെന്നു പറഞ്ഞു പീഡിപ്പിച്ചെന്ന കേസിലും മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലുമാണ് ജാമ്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. അടുത്ത ദിവസം ഹര്‍ജികള്‍ സിംഗിൾ ബെഞ്ച് പരിഗണിച്ചേക്കും.
2020 ജനുവരി 11 മുതല്‍ 2021 സെപ്റ്റംബര്‍ 24 വരെയുള്ള കാലയളവിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കേസ്.
2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.
2021 സെപ്റ്റംബര്‍ 25നു മോന്സന് അറസ്റ്റിലായി. തുടര്‍ന്ന് ഇക്കാലമത്രയും ജയിലിലാണെന്നും കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് നല്കിയതിനാല് കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലടക്കം പ്രതിയായ മോന്സൻ ജുഡീഷല്‍ കസ്റ്റഡിയിലാണ്.
തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി നല്കിയ അഞ്ചു പേര് തന്റെ മുന്‍ഡ്രൈവര്‍ അജിത്തുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് പീഡനക്കേസുകളെന്നും മോന്സൻ നല്കിയ ഹര്‍ജികളില്‍ പറയുന്നു.