കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ പക്കല്‍ നിന്നു കണ്ടെടുത്ത ചെമ്പോലയ്ക്ക് കാര്യമായ പഴക്കമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്ഐ). ഇതിനു 350 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശവാദം.
എന്നാല്‍ ചെമ്പോലയ്ക്ക് 100 വര്‍ഷത്തില്‍ താഴെ മാത്രമേ പഴക്കമുള്ളൂവെന്നാണ് എഎസ്ഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന് നല്കിയ റിപ്പോര്‍ട്ടിലാണ് കാലപ്പഴക്കം സംബന്ധിച്ചുള്ള കാര്യങ്ങൾ എഎസ്ഐ വ്യക്തമാക്കിയിട്ടുള്ളത്.
മോന്സൻ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാളുടെ കൈവശമുള്ള ചെമ്പോല വ്യാജമാണെന്ന തരത്തിലുള്ള വാദങ്ങളുയര്‍ന്നത്.
ഇതോടെ മോന്‍സന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ കേരള യൂണിറ്റ് ചെമ്പോല തിട്ടൂരത്തിന്റെ പഴക്കം സംബന്ധിച്ച് വിശദവിവരങ്ങള്‍ അറിയാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു.
ഇതു പരിഗണിച്ചാണ് ചെമ്പോലയടക്കമുള്ളവ പരിശോധന നടത്താന്‍ ചെന്നൈ മേഖലാ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
പത്ത് പുരാവസ്തുക്കളാണ് പ്രത്യേക സംഘം പരിശോധിച്ചത്. ഇതില്‍ യേശുവിനെ ഒറ്റിയെന്ന് അവകാശപ്പെട്ട് സൂക്ഷിച്ചിട്ടുള്ള രണ്ട് വെള്ളിക്കാശും ലോഹം ഘടിപ്പിച്ച കുന്തവും പുരാവസ്തു പട്ടികയില്‍ ഉള്‍പ്പെടുന്നവയാണെന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളില്‍ 35 എണ്ണത്തിന് കാര്യമായ പഴക്കമില്ലെന്ന് സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്റെ പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആണ് പുരാവസ്തു വകുപ്പിനെ സമീപിച്ചത്. ചെമ്പോല വായിച്ച ചരിത്രകാരന് എം.ആര്. രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.