കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ക്രൈംബ്രാഞ്ച് നാളെ അപേക്ഷ സമര്‍പ്പിക്കും.
പുരാവസ്തു ഇടനിലക്കാരന് സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നത്.
മ്യൂസിയം നിര്‍മിക്കാനെന്ന് വിശ്വസിപ്പിച്ചു മൂന്നു കോടി രൂപയുടെ പുരാവസ്തു മോന്സന് കൈക്കലാക്കിയെന്നാണ് സന്തോഷ് നല്കിയ പരാതി.
മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളും ശില്പങ്ങളും അടക്കം 70 ശതമാനം വസ്തുക്കളും സന്തോഷ് നല്‍കിയതാണ്.
മോന്‍സനെയും സന്തോഷിനെയും ഒരുമിച്ചിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
പണം നല്‍കാനുണ്ടെന്ന് മോന്സണ് സമ്മതിച്ചിട്ടുമുണ്ട്. കൂടാതെ മോന്‍സനുമായി ഫോണില്‍ ബന്ധപ്പെട്ടവരെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മോന്‍സന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളതില്നിന്നാണ് ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്.
അതേസമയം കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. അതിനിടെ മോന്‍സന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവെ ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്.