കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങുന്നുവെന്ന് സൂചന.
പ്രതിയുടെ മൊബൈല്‍ ഫോണുകള്‍, ഐപാഡ്, ലാപ്ടോപ്പ് എന്നിവ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവെങ്കിലും ഇതില്‍നിന്നൊന്നും തെളിവുകള്‍ ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ മോന്സന് നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അത്തരം സാഹചര്യം ഉണ്ടെങ്കില്‍ അവ വീണ്ടെടുക്കുമെന്നും അന്വേഷണസംഘം പറയുന്നു.
തെളിവുകൾ നശിപ്പിച്ചു
വ്യാജ ബാങ്ക് രേഖകള്‍ നിര്‍മിച്ചതിന്റെ തെളിവുകള്‍ മോന്സന് നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് നല്കുന്ന വിവരം. ലാപ്ടോപ്പിലെയും ഡെസ്ക് ടോപ്പിലേയും വിവരങ്ങള്‍ ഇയാള്‍ നീക്കം ചെയ്തുവെന്നും മൊഴി നല്‍കിയിരുന്നു.ബാങ്കില്‍ പണമുണ്ടെന്നു കാണിക്കാന്‍ ഇയാൾ വ്യാജരേഖ ചമച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
അതേസമയം മോന്‍സന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കളിൻമേലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. പുരാവസ്തുക്കളിലേറെയും വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മോന്‍സന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
ശില്പങ്ങള് ഉണ്ടാക്കിയതിനുശേഷം മോന്സന് പണം നല്‍കാതെ കബളിപ്പിച്ചുവെന്ന് കാണിച്ച് ശില്പി സുരേഷ് പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്.
കഴിഞ്ഞ രണ്ടിന് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ മോന്‍സനെ റിമാന്‍ഡ് ചെയ്തിരുന്നു. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം ഒമ്പതുവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ആറുപേരെ കബളിപ്പിച്ച് പത്തു കോടി രൂപ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ മൂന്നു ദിവസമായി ക്രൈംബ്രാഞ്ച് സംഘം ഇയാളെ ചോദ്യം ചെയ്തുവരുകയായിരുന്നു.
അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: സാമ്പത്തികത്തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കലിനെതിരേയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.
ക്രൈം ബ്രാഞ്ച് എറണാകുളം എസ്പി എം.ജെ. സോജന്, കോഴിക്കോട് വിജിലന്‍സ് എസ്പി പി.സി. സജീവന്, ഗുരുവായൂര്‍ ഡിവൈഎസ്പി കെ.ജി. സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജു, വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, എളമക്കര സബ് ഇന്‍സ്പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ബൈജു പി. ബാബു എന്നിവരാണ് സംഘാംഗങ്ങള്‍.
പീഡന പരാതി: മോന്‍സന്റെ ബിസിനസ് പങ്കാളിയെക്കുറിച്ചും അന്വേഷണം
കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ ഇരയെ മോന്സന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇയാളുടെ ബിസിനസ് പങ്കാളിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മോന്‍സന്റെ ബിസിനസ് പങ്കാളിയുടെ മകനായ ചേര്‍ത്തല നോര്‍ത്ത് സ്വദേശിയായ എസ്. ശരത്താണ് യുവതിയെ പീഡിപ്പിച്ചത്.
ഈ കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മോന്സന് മാവുങ്കല്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍നിന്ന് പിന്മാറിയാല് പത്തു ലക്ഷം രൂപ നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.
കളമശേരി പോലീസ് സ്റ്റേഷന്, എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ശരത്തിനെയും അയാളുടെ കുടുംബത്തേയും കുറിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന.