കൊച്ചി: മോൻസൺ മാവുങ്കലിനെതിരേ ഇന്റലിജൻസ് അന്വേഷണം നടത്താൻ നിർദേശിച്ചതും അതുവഴി അയാൾ തട്ടിപ്പുകാരനാണെന്നും കണ്ടെത്തിയതും മുൻ ഡിജിപി ലോക്നാഥ് ബഹ്റ.
എന്നാൽ, മോൻസനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയായി മാറിയതും അതേ ബഹ്റ തന്നെ.
ഒരിക്കൽ മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം കാണാൻ കലൂരിലെ വീട്ടിൽ എത്തിയപ്പോൾ അവിടുത്തെ സിംഹസനത്തിൽ എഡിജിപി മനോജ് ഏബ്രഹാമിനൊപ്പം ഇരുന്ന് ഒരു ഫോട്ടോയെടുത്തതാണ് ബഹ്റയ്ക്കു വിനയായി മാറിയത്.
ഫോട്ടോ കെണി
മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ആദ്യം പുറത്തുവന്ന പ്രമുഖരുടെ ചിത്രങ്ങളിലൊന്നു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും എഡിജിപി മനോജ് ഏബ്രഹാമിന്റേതുമായിരുന്നു. “പുരാതന” സിംഹാസനത്തിൽ അംശവടിയും പിടിച്ച് ഇരിക്കുന്ന ബഹ്റയുടെയും അരികിൽ വാളും പിടിച്ചുനിൽക്കുന്ന മനോജ് ഏബ്രഹാമിന്റെയും ഫോട്ടോയാണ് വൈറലായത്.
അതോടെ കമന്റുകളുടെയും ട്രോളുകളുടെയും പ്രവാഹമായി. മോൻസനെതിരേ അന്വേഷണം നടത്താൻ ഉത്തരവിട്ടതും അയാളുടെ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതുമൊക്കെ ഡിജിപിയും ഏഡിജിപിയും ചേർന്ന് ആണെങ്കിലും ഈ ഒറ്റ ഫോട്ടോ കാര്യങ്ങൾ മാറ്റിമറിച്ചു.
അനിത പുല്ലയിൽ
മോൻസണെ ലോക്നാഥ് ബഹ്റയ്ക്കു പരിചയപ്പെടുത്തിയത് താനാണെന്നു ലോക കേരള സഭാംഗവും പ്രവാസി മലയാളി കോൺഫെഡറേഷൻ വനിതാ കോ ഒാർഡിനേറ്ററുമായ അനിത പുല്ലയിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
സംഘടനയുടെ രക്ഷാധികാരി എന്ന നിലയ്ക്കാണ് മോൻസണെ ഡിജിപിയുടെ ഒാഫീസിൽവച്ചു പരിചയപ്പെടുത്തിയത്. മോൻസന്റെ മ്യൂസിയം സന്ദർശിക്കാൻ ബഹ്റയോട് ആവശ്യപ്പെട്ടതു താനാണ്. ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു.
മോൻസൺ തട്ടിപ്പുകാരനാണെന്നു തിരിച്ചറിഞ്ഞു രണ്ടു വർഷം മുന്‍പ് ബഹ്റ തന്നെയാണ് തനിക്കു മുന്നറിയിപ്പ് നൽകിയത്. മോൻസന്റെ വീട്ടിലെ മ്യൂസിയം സന്ദർശിക്കാൻ എത്തിയ ഡിജിപി ബഹ്റയ്ക്കും എഡിജിപി മനോജ് ഏബ്രഹാമിനും ഇയാളുടെ ഇടപാടുകളിലും മറ്റും സംശയം തോന്നിയാണ് ഇന്റലിജൻസ് അന്വേഷണം നടത്താൻ നിർദേശിച്ചതെന്നും അനിത പുല്ലയിൽ പറയുന്നു.
അസ്വസ്ഥനായി ബഹ്റ
എന്തായാലും മോൻസന്റെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരാൻ നിർണായക പങ്കുവഹിച്ച ബഹ്റ ഒരു ഫോട്ടോയുടെ പേരിൽ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതിൽ കടുത്ത അസ്വസ്ഥനാണെന്നാണ് അറിവ്.
തനിക്കെതിരേ മോന്സന് മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയർന്നതാണ് മുന്‍ ഡിജിപിയും നിലവില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയുമായ ലോക്നാഥ് ബെഹ്റയെ അസ്വസ്ഥനാക്കുന്നത്. അദ്ദേഹം വിവാദങ്ങളിൽ മനംമടുത്ത് മെട്രോയുടെ എംഡി സ്ഥാനമൊഴിഞ്ഞേക്കുമെന്നുവരെ പ്രചാരണമുണ്ട്.
വിവാദങ്ങൾ മുറുകിയാൽ സ്ഥാനമൊഴിയാന്‍ സര്‍ക്കാരില്‍നിന്നു നിര്‍ദേശം വന്നേക്കുമോയെന്ന ആശങ്കയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നൂറിലധികം ട്രോളുകളാണ് വന്നത്.
ഓഗസ്റ്റിലാണ് ഇദ്ദേഹം മെട്രോ റെയില്‍ ലിമിറ്റഡിന്റെ എംഡിയായി ചുമതലയേറ്റത്. മൂന്നു വര്‍ഷമാണ് കാലാവധി. ആദ്യമായാണ് ഒരു ഐപിഎസുകാരന് മെട്രോ റെയിലിന്റെ തലപ്പത്ത് എത്തുന്നത്.