കോഴിക്കോട്: അധോലോക ബന്ധമുള്‍പ്പെടെയുള്ള അവകാശവാദങ്ങളുന്നയിച്ച മോന്സന് മാവുങ്കലിനെതിരേ പരാതി നല്കിയവര് തുടര്‍ച്ചയായുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം തേടി.
കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീര്‍, യാക്കൂബ് പുറായില്‍, തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ്, മലപ്പുറം സ്വദേശി ഷാനിമോന്‍ പരപ്പന്‍ എന്നിവരാണ് മുഖ്യമന്ത്രി മുമ്പാകെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് അതത് പോലീസ് സ്റ്റേഷന് നിര്‍ദേശം നല്കി.
ഷമീറിന്റെ പരാതിയില്‍ പന്തീരാങ്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. പരാതി സ്വീകരിച്ചതായി ഷമീറിന് പോലീസ് സ്റ്റേഷനില്‍ നിന്ന് രസീത് ലഭിച്ചു.
ബുധനാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മോന്‍സനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ഭീഷണിയാണ് ഉണ്ടാവുന്നതെന്നാണ് ഇവര്‍ പറയുന്നത്.
മോന്‍സനുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ-സിനിമാ-പോലീസ് മേഖലയിലെ ഉന്നതരെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്.
തുടര്‍ന്ന് പലരും പരാതിയുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ‘നിലവിലെ സാഹചര്യത്തില്‍ ഫോണിലൂടേയും നേരിട്ടും സുഹൃത്തുക്കള്‍ വഴിയും മറ്റും നിരവധി ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിലേക്കുള്ള യാത്രാമധ്യേ വരെ പരാതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായിരുന്നതായും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
ക്രൈംബ്രാഞ്ചില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ എറണാകുളം വൈറ്റില ഹോട്ടലില്‍ എത്തിയപ്പോള്‍ സുഹൃത്തായ കുന്ദംകുളം സ്വദേശി ഫൈസല്‍ കാണാനായി എത്തിയിരുന്നു.
ഫൈസലിനോട് സംസാരിക്കുമ്പോള്‍ ഒപ്പം വന്നയാള്‍ പരാതിയില്‍ പരാമര്‍ശിച്ച ഉന്നതനെതിരേ ചര്‍ച്ചകളിലും മറ്റും പരാമര്‍ശം നടത്തരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ആയതിനാല്‍ കുടുംബത്തിനും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കണം’ എന്നാണ് പരാതിയിലുള്ളത്. ഈ പരാതിയിലാണ് ലോക്കല്‍ പോലീസ് അന്വേഷണം നടത്തുന്നത്.