കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രവാസി മലയാളി ഫെഡറേഷന് ചെയര്‍മാനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കലൂരിലെ ആഡംബര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശി വല്ലിയില്‍ മോന്സന് മാവുങ്കലാണു (52) പിടിയിലായത്.
ഇയാളുടെ കൂട്ടാളികളായ നാല് പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായ ആറ് പേര് ഡിജിപിക്ക് നല്കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത മോന്‍സനെ കലൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച 2,62,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതു ലഭിച്ചാൽ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് 10 കോടിയോളം രൂപ ഇയാള്‍ പലരില്‍നിന്നായി തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തി.
എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് (രണ്ട്) എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൈകിട്ടു വരെ നീണ്ട പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തിയതായി അറിയുന്നു. കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ പുരാവസ്തുവാണെന്ന് പറഞ്ഞ് വിറ്റ മിക്ക സാധനങ്ങളും ചേര്‍ത്തലയിലെ ഒരു ആശാരിയാണ് നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഉണ്ടെന്നുപറഞ്ഞ മോന്‍സന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.
പുരാവസ്തു ബിസിനസില്‍ രണ്ടരപതിറ്റാണ്ടിന്റെ പ്രവൃത്തിപരിചയമുണ്ടെന്നാണ് മോൻസൻ അവകാശപ്പെട്ടിരുന്നത്.
ഇക്കാലയളവിലെ സമ്പാദ്യം നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ തുകയും ഇന്‍വോയ്സും തമ്മിലെ അന്തരംമൂലം ഫെമ നിയമത്തില്‍ കുരുങ്ങിയെന്നു പരാതിക്കാരെ ഇയാൾ വിശ്വസിപ്പിച്ചു.
ഡല്‍ഹിലെ പ്രമുഖ അസോസിയേറ്റ് സ്ഥാപനം മുഖേന കേസ് നടത്തുകയാണെന്നും മുഴുവന്‍ പണവും ഉടനെ ലഭിക്കുമെന്നും അതിനുശേഷം എത്രപണം വേണമെങ്കിലും പലിശരഹിത വായ്പയായി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
ഇതില്‍ വീണാണ് പരാതിക്കാരായ ആറ് പേര് പലപ്പോഴായി 10 കോടി നല്‍കിയത്.
പണം അക്കൗണ്ടിലുള്ളതായി വിശ്വസിപ്പിക്കാന്‍ സ്വകാര്യ ബാങ്കിന്റെ വ്യാജരേഖകളും ഇയാള്‍ കാണിച്ചിരുന്നു.
2017 ജൂണ്‍ മുതല്‍ 2020 നവംബര്‍വരെയുള്ള കാലയളവിലാണ് പരാതിക്കാര്‍ മോണ്സന് പണം കൈമാറിയത്. 2014ലാണ് ഇയാള്‍ കലൂരിലെ വീട്ടിലേക്ക് താമസം മാറിയത്.
നേരത്തെ എറണാകുളത്തെ പലയിടത്തും വാടകയ്ക്ക് താമസിക്കുകയായിരുന്നു. പത്ത് കോടി തിരികെ ആവശ്യപ്പെട്ടപ്പോള്‍ പുരാവസ്തുക്കൾ വിറ്റ് പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്കി.
ജനുവരിയില്‍ മൂന്ന് മാസക്കാലയളവിനുള്ളില്‍ പണം നല്‍കാമെന്ന് മോന്‍സനുമായി കരാറുണ്ടാക്കിയെങ്കിലും പാലിക്കപ്പെട്ടില്ല.
പിന്നാലെ പരാതിക്കാരായ കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി.അഹമ്മദ്, സലിം എടത്തില്‍, എം.ടി. ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
എഡിജിപി മനോജ് ഏബ്രഹാമിനാണ് ആദ്യം പരാതി നല്‍കിയത്. ഈ പരാതി പിന്നീട് ഡിജിപിക്ക് കൈമാറുകയായിരുന്നു.