കടുത്തുരുത്തി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കല്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയതായി സൂചന.
ദിവസങ്ങള്‍ക്കു മുമ്പാണ് കടുത്തുരുത്തിയിലെത്തി സംഘം പരിശോധന നടത്തിയത്.
മോന്സണ് മാവുങ്കല്‍ കബളിപ്പിച്ചവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കടുത്തുരുത്തിയിലെത്തി വിവരശേഖരണം നടത്തിയത്.
മോന്സണ് പ്രവാസി സംഘടനയുടെ സംസ്ഥാന നേതാവയതിനാല്‍ കടുത്തുരുത്തിയുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളാണുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.
സമീപകാലത്ത് മോന്സണ് കടുത്തുരുത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് അറിവ്.
മോന്സണ് ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സാമ്പത്തിക തട്ടിപ്പല്ലാതെ പുരാവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഈ മേഖലയില്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
പോലീസ് അറിയാതെ..
കടുത്തുരുത്തിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയാതെയായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവര ശേഖരണം.
കടുത്തുരുത്തിയില്‍ നിരവധിപേര്‍ക്ക് മോന്‍സണുമായി ബന്ധമുണ്ടെന്ന കാര്യം പരിശോധനയിലൂടെ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടായതായാണ് സൂചന.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ വരുന്നതോടെ മോന്‍സണുമായി ബന്ധമുള്ളവരുടെ കൂടുതല്‍ പേര് വിവരങ്ങള്‍ വെളിയില്‍ വരുമെന്നാണ് പലരും സ്വകാര്യമായി പങ്കുവെക്കുന്ന വിവരം.
അന്വേഷണം ശക്തമാകുന്നതോടെ പലരുടെയും ഉറക്കം നഷ്ടപ്പെടുമെന്നാണ് കരുതുന്നത്.