കോട്ടയം: മോൻസണ് മാവുങ്കലിന്റെ തട്ടിപ്പിനു കോട്ടയത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനും കൂട്ടുനിന്നെന്ന ആരോപണം ശക്തമാണ്. മോൻസണ് പണം തട്ടിയെന്നു പറഞ്ഞു പരാതി നൽകിയ നഗരത്തിലെ ഒരു വ്യാപാരിയെ പീഡനക്കേസിൽ കുടുക്കി അകത്താക്കിയത് ഒരു ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണെന്നാണ് ആരോപണം.
മോൻസണ് മാവുങ്കലിന്റെ തട്ടിപ്പ് കോട്ടയത്തും സജീവമായിരുന്നെങ്കിലും പരാതിക്കാരില്ലാത്തതിനാൽ അന്വേഷണം നടന്നേക്കില്ല. നിരവധി പേരെ കോട്ടയത്തു തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായാണ് സൂചന.
കോട്ടയത്തെ ഒരു വ്യാപാരിയിൽനിന്നും 35 ലക്ഷം തട്ടിയ കേസിൽ മാത്രമാണ് പരാതിയുള്ളത്. മറ്റു പല പ്രമുഖരുടെയും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പരാതി നൽകാൻ ആരും തയാറായിട്ടില്ല.
നഗരത്തിലെ ഒരു വ്യാപാരിയിൽനിന്നാണ് 35 ലക്ഷം രൂപ തട്ടിയത്. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽനിന്നും പിൻവലിക്കാൻ ചില നിയമ തടസങ്ങളുണ്ടെന്നും 35 ലക്ഷം നല്കിയാൽ ഒരു കോടി തിരികെ തരാമെന്നും പറഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു.
തട്ടിയെടുത്ത 35 ലക്ഷം രൂപ തിരികെ ചോദിച്ചു ചെന്ന വ്യാപാരിയെ പോലീസിനെയും വനിതാ ജീവനക്കാരിയേയും ഉപയോഗിച്ച് പീഡനക്കേസിൽ പെടുത്തി അകത്താക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞാണു വ്യാപാരിക്ക് ജാമ്യം ലഭിച്ചത്.
മോൻസനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയാണ്. മോൻസൻ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ മുൻ സമുദായ നേതാവാണ്.
ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസനുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ഡോക്ടറുടെ കൈയിൽനിന്നും മുൻപും ഇത്തരത്തിലുള്ള മറ്റൊരു തട്ടിപ്പുകാരൻ പണം കൊണ്ടുപോയിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ മുന്തിയ ഹോട്ടലിൽ നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിലും മോൻസണും ഭാര്യയും പങ്കെടുത്തിരുന്നു. വേളൂർ സ്വദേശിയായ തട്ടിപ്പുകാരനുമുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണത്തിനിടെ നടന്ന വിവാഹ സൽക്കാരത്തിൽ ഡോക്ടറുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് പങ്കെടുത്തത്.
മോൻസണും, വേളൂർ സ്വദേശിയും അടക്കം ഏതാനും പേർ മാത്രമാണു വിവാഹ സൽക്കാരത്തിൽ ഉണ്ടായിരുന്നത്.