കോഴിക്കോട്: മോൻസൻ മാവുങ്കൽ തട്ടിപ്പിനിരയാക്കിയവരിൽ നിരവധി കോഴിക്കോട്ടുകാർ.
വിദേശത്തു ഖത്തറിലും നാട്ടിലുമായി വ്യത്യസ്ത മേഖലകളിൽ നിക്ഷേപമുള്ള ഏബിൾ ഗ്രൂപ്പ് ഉടമകളായ സഹോദരങ്ങൾ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ എന്നിവരാണ് തട്ടിപ്പിനിരയായവരിൽ പ്രമുഖർ.
മുക്കം ചെറുവാടി സ്വദേശികളാണിവർ. ഇവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അനൂപ് വി. അഹമ്മദ്, സലിം എടത്തിൽ, എം.ടി. ഷമീർ, ഷാനിമോൻ എന്നിവരാണ് പരാതിയിൽ ഒപ്പുവച്ച മറ്റുള്ളവർ.
പ്രവാസലോകത്ത് വലിയ നിക്ഷേപമുള്ള ഇവർ മോൻസന്റെ കെണിയിൽ എങ്ങനെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്.
ഇതുവരെ വിദേശയാത്രപോലും നടത്തിയിട്ടില്ലാത്ത മോൻസൻ മലയാളി പ്രവാസി ഫെഡറേഷന്റെ ഭാരവാഹി എന്നനിലയിലാണ് ഇവരെ സമീപിച്ചിരുന്നത്.
പല മേഖലയിൽ പലതരത്തിലുള്ള നിക്ഷേപമുള്ള പ്രവാസികൾ പലിശരഹിത വായ്പയും മോൻസൻ മാവുങ്കലിന്റെ കമ്പനിയിലെ പങ്കാളിത്തവും സ്വപ്നം കണ്ടാണ് കോടികൾ നൽകിയത്.