കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
പണമായിട്ടാണ് ഇത് വാങ്ങിയിരിക്കുന്നത്. ഈ പണം സഹായികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹായികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
അക്കൗണ്ടിൽ 176 രൂപ മാത്രം!
തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ടാണെന്നാണ് ഇയാള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് അന്വേഷണോദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ആ അക്കൗണ്ടില്‍ 176 രൂപ മാത്രമാണ് ഉള്ളതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മകളുടെ വിവാഹത്തിന് സുഹൃത്ത് ജോര്‍ജില്‍ നിന്ന് മൂന്നു ലക്ഷം രൂ കടംവാങ്ങിയിരുന്നു. ജീവനക്കാര്‍ക്ക് ആറുമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു
മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെയും രണ്ട് മക്കളുടെയും ബാങ്ക് അക്കൗണ്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.
ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പ്രതിമാസം 50,000 രൂപയാണ് നല്‍കിയിരുന്നത്. എട്ടുമാസമായി വീട്ടുവാടക നല്‍കിയിട്ടില്ല. മോന്സന് ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.