പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന് 24 ചാനലില്‍ രണ്ടരക്കോടിയുടെ നിക്ഷേപമെന്ന് റിപ്പോര്‍ട്ട്. എക്സ്ക്ലൂസീവ് ഡെയ്ലി എന്ന ഓണ്‍ലൈന്‍ സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയാണ് മോന്‍സനെ ചാനലുമായി മുട്ടിച്ചതെന്നാണ് ആരോപണം. മുട്ടില്‍ മരംമുറി വിവാദത്തില്‍ പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്യാന്‍ കാട്ടിയ ധൈര്യം സഹിന്റെ കാര്യത്തിലുണ്ടാകില്ല.
മോന്സന് മാവുങ്കല്‍ 24 ന്യൂസ് ചാനലില്‍ രണ്ടര കോടി രൂപ നിക്ഷേപിക്കാന്‍ ഇടനിലക്കാരനായത് സഹിന് ആന്റണിയാണ്.
ചാനലില്‍ പത്തു കോടി നിക്ഷേപിക്കണമെന്ന ആവശ്യവുമായി ശ്രീകണ്ഠന് നായര്‍ പല തവണ സഹിന് ആന്റണിക്കൊപ്പം മോന്സന് മാവുങ്കലിനെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗഡുക്കളായി നിക്ഷേപിക്കാമെന്ന ഉറപ്പും ലഭിച്ചു.
ആദ്യ ഗഡുവായി 75 ലക്ഷം രൂപ നിക്ഷേപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്ളവേഴ്സ് ചാനലില്‍ ഗായകന് എം.ജി.ശ്രീകുമാറിന്റെ ബ്ലാക്ക് ഡയമണ്ട് മോതിര നാടകം അരങ്ങേറിയത്.
മോന്‍സനെ കണ്ടിട്ടു പോലുമില്ലായിരുന്ന ശ്രീകുമാറിനെ കൊണ്ടു ഡോ.മോന്സന് സമ്മാനിച്ചതാണെന്നു പറയിക്കുകയായിരുന്നു. നിക്ഷേപകന് ആവശ്യപ്പെട്ടതനുസരിച്ചുള്ള പരസ്യമായിരുന്നു ബ്ലാക്ക് ഡയമണ്ട് പ്രമോഷന്.
സിനിമാ മേഖലയിലുള്ളവരെ പറ്റിച്ചു മോതിര, വാച്ച് കച്ചവടം നടത്താനുള്ള പദ്ധതിയുടെ ഭാഗമായുള്ള തന്ത്രപരമായ പരസ്യം.
സീനിയര്‍ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നിട്ടും സഹിന് ആന്റണിക്കു ബ്യൂറോ ചീഫിനേക്കാള് പ്രാധാന്യം ശ്രീകണ്ഠന് നായര്‍ നല്കിയിരുന്നതും നിക്ഷേപ താല്‍പര്യത്തിലാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സഹിന് ആന്റണിയുടെ ജന്മദിനം പോലും ‘ഗുഡ് മോണിങ് എസ്കെ’ പരിപാടിയില്‍ ശ്രീകണ്ഠന് നായര്‍ ആഘോഷിച്ചിരുന്നു.
മോന്‍സന്റെ പുരാവസ്തു ശേഖരത്തെ കുറിച്ചുള്ള പ്രചാരവേലയ്ക്കും വിഐപികളുമായി ബന്ധപ്പെടുത്തുന്നതിനും സഹിന് ആന്റണിക്കു 55,000 രൂപ മാസശമ്പളമായും മോന്സന് നല്‍കിയിരുന്നു.
സഹിന്റെ ഭാര്യയ്ക്ക് മോന്‍സന്റെ നിയമോപദേഷ്ടാവെന്ന നിലയിലുള്ള വരുമാനവും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആരോപണങ്ങളെയൊക്കെ സാധൂകരിക്കുന്നതാണ് മോന്‍സന്റെ ഡ്രൈവര്‍ അജി നെട്ടൂരുമായി ചാനല്‍ നടത്തിയ ലൈവ് അഭിമുഖം.
അഭിമുഖത്തില്‍ അജി പറയുന്നതിങ്ങനെ…’സഹിന് ആന്റണി ചേട്ടനാണ് ലാല്‍ജി സാറിനെ വീട്ടില്‍ കൊണ്ടുവരുന്നത്. ലാല്‍ജി സാറിനും മോന്സന് സാറിനും അടുത്ത ബന്ധമാണ്,” എന്നാല്‍ അജിയുടെ വായില്‍ നിന്ന് ഇത്രയും സംഗതി പുറത്തു വന്നതോടെ പണിപാളിയെന്ന് മനസ്സിലായ ചാനല്‍ അധികൃതര്‍ സിഗ്നല്‍ ഇറര്‍ വരുത്തി അഭിമുഖം തടസ്സപ്പെടുത്തുകയായിരുന്നു.
എന്തായാലും മരംമുറിക്കേസിലേതു പോലെ തന്നെ ചാനലിനെ ഊരാക്കുടുക്കിലാക്കുന്നതാണ് പുതിയ വിവരങ്ങള്‍.