കൊച്ചി: മോണ്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രണ്ടാംപ്രതി. ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. മോണ്‍സനൊപ്പം തട്ടിപ്പിന് കൂട്ടുനിന്നുവെന്നും മോണ്സണ് വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
മോണ്സണ് മാവുങ്കലാണ് കേസിലെ ഒന്നാം പ്രതി. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന് എബ്രഹാമാണ് മൂന്നാം പ്രതി. കഴിഞ്ഞ മേയ് മാസത്തില്‍ സുധാകരനെ ക്രൈംബ്രാഞ്ച് സംഘം ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. മോണ്സണ് പണം നല്കാനെത്തിയപ്പോള് മോണ്‍സണൊപ്പം സുധാകരനുണ്ടായിരുന്നതായി പരാതിക്കാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് സുധാകരനും മോണ്‍സണുമായുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് സുധാകരനെ പ്രതിചേര്‍ത്തത്.
തൃശൂര്‍ സ്വദേശി 25 ലക്ഷം രൂപ മോണ്സണ് നല്കുമ്പോള് സുധാകരന് അവിടെ ഉണ്ടായിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. താന്‍ മോണ്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും അത് ചികിത്സക്ക് വേണ്ടിയാണെന്നും സുധാകരന് നേരത്തെ പറഞ്ഞിരുന്നു.