പുരാവസ്തു വില്പനക്കാരനെന്ന് അവകാശപ്പെട്ടു കോടികള്‍ തട്ടിയെടുത്ത ചേര്‍ത്തല വല്ലയില്‍ വീട്ടില്‍ മോന്സന് മാവുങ്കലിനെ(25) സെപ്റ്റംബര്‍ 25നായിരുന്നു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശികളായ യാക്കൂബ്, സിദ്ദിഖ്, ഇ.എ. സലീം, എം.ടി. ബഷീര്‍, തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ്, മഞ്ചേരി സ്വദേശി ഷാനിമോന്‍ എന്നിവര്‍ തട്ടിപ്പു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതുവഴി തന്റെ അക്കൗണ്ടിലേക്ക് 2,62,600 കോടി രൂപ വന്നിട്ടുണ്ടെന്ന് ഇയാള്‍ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ പണം വന്നിട്ടുള്ളതായി ബാങ്ക് രേഖകളും കാണിച്ചു.
അക്കൗണ്ട് ഇല്ല
ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ക്കു ഡല്‍ഹിയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെന്നു കണ്ടെത്തി.
ഇയാളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്നു സെപ്റ്റംബര്‍ 28ന് ക്രൈംബ്രാഞ്ച് എസ്പി കെ.ജെ. സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
പിന്നീടായിരുന്നു നിര്‍ണായകമായ പല വിവരങ്ങളും കേട്ടു കേരളം ഞെട്ടിയത്.
മ്യൂസിയം വീട്ടിലേക്ക്
ക്രൈംബ്രാഞ്ച് അന്വേഷണസംഘം മോന്‍സനുമായി ആദ്യമെത്തിയത് എറണാകുളം കലൂര്‍ ആസാദ് റോഡില്‍ പുരാവസ്തുക്കളുടെ മ്യൂസിയം ഉണ്ടാക്കിയിരിക്കുന്ന വീട്ടിലേക്കായിരുന്നു.
2014 മുതലാണ് മോന്സന് ഇവിടെ താമസിച്ചു തുടങ്ങിയത്. കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കളെന്നു മോന്സന് അവകാശപ്പെട്ടിരുന്ന ആ വീടിന്റെ പ്രതിമാസ വാടക 50,000 രൂപയായിരുന്നു.
ചുവര്‍ച്ചിത്രങ്ങളുടെ ശേഖരമാണ് ഇവിടത്തെ ആദ്യ കാഴ്ച. പ്രവേശന കവാടത്തില്‍ ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഖുറാന്റെയും ചിത്രങ്ങള്‍. മുറ്റത്ത് അത്യാഡംബര കാറായ പോര്‍ഷെ മുതല്‍ മുപ്പതോളം കാറുകളും.
വീടിനു ചുറ്റും സിസിടിവി സ്ഥാപിച്ചിരുന്നു. വീടിന്റെ സുരക്ഷ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിക്കായിരുന്നു.
മുന്തിയ ഇനത്തിലുള്ള നായ്ക്കളെ വീടു കാവലിനായി ഒരുക്കി നിര്‍ത്തിയിരുന്നു. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ സെക്യൂരിറ്റികളും വീട്ടിലുണ്ടായിരുന്നു.
പുറത്തുനിന്ന് അധികമാളുകളെ അകത്തേക്കു പ്രവേശിപ്പിച്ചിരുന്നില്ല. അവിടെ കണ്ട കാഴ്ചകള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
ആരും മതിമറക്കും
കോടികളുടെ വിലമതിക്കുന്നതെന്നു മോന്സന് അവകാശപ്പെട്ടിരുന്ന പുരാവസ്തുക്കളായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ബൈബിളില്‍ പരാമര്‍ശിക്കുന്ന മോശയുടെ അംശവടി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന വിളക്ക്, 28 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷണം,
അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, വ്യാസനുവേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല,
സ്വര്‍ണം കൊണ്ട് തയാറാക്കിയ പേജില്‍ എഴുതിയ ബൈബിൾ, ടിപ്പുവിന്റെ സിംഹാസനം, ശ്രീകൃഷ്ണന് മണ്‍കുടം പൊട്ടിക്കാതിരിക്കാന്‍ യശോദ ഉണ്ടാക്കിക്കൊടുത്ത മരക്കുടം,
മഹാകവി അദ്ധ്യാത്മ രാമായണം എഴുതിയ താളിയോല, ഗാഗുല്ത്തയില് യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്,
യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലുകൊണ്ടുണ്ടാക്കിയ മാല, യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയ അത്ഭുത ഭരണി,
മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, രാജാ രവിവര്‍മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച ചിത്രങ്ങൾ,
യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു പകരമായി യൂദാസിനു കിട്ടിയ 30 വെള്ളിക്കാശില്‍ രണ്ടെണ്ണം,
യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ സമയം ധരിച്ചിരുന്ന വസ്ത്രം, എഴുത്തച്ഛന്റെ താളിയോല… പലരെയും ഞെട്ടിച്ച പുരാവസ്തുക്കളുടെ ശേഖരം ഇതിലൊന്നും ഒതുങ്ങുന്നതല്ല.
(തുടരും)