മോന്സന് മാവുങ്കിലിനെ ഉന്നത വ്യക്തികളെ പരിചയപ്പെടുത്തിയത് ചില പ്രവാസികളാണെന്ന ആരോപണവും പിന്നീട് ഉയര്‍ന്നു.
ഒരു പ്രവാസി വനിതയുടെ സ്വാധീനത്തിലാണ് മോന്സന് നിരവധി പ്രവാസികളെ തന്റെ വലയ്ക്കുള്ളില്‍ കുരുക്കിയതത്രേ.
കേരള പോലീസിലെ ഉന്നതന്മാരും സിനിമാപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായൊക്കെ അടുത്ത ബന്ധമുള്ള പ്രവാസി വനിത വഴിയാണ് മോന്സന് പലരെയും പരിചയപ്പെട്ടത്.
കൊച്ചിയില്‍ പോലീസ് നടത്തിയ സൈബര്‍ സുരക്ഷ സമ്മേളനമായ കൊക്കൂണിലും ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിലുമെല്ലാം ഇവരൊക്കെ സംബന്ധിച്ചിരുന്നു.
ഇവര്‍ പങ്കെടുത്ത ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ ചിലതില്ലെല്ലാം പ്രധാന പങ്കാളിയായത് മോന്‍സന്റെ കമ്പനിയായിരുന്നുവെന്നും ആരോപണം ഉണ്ട്.
മോന്‍സനുമായി തെറ്റിപിരിഞ്ഞതിനു ശേഷമാണ് യുവതി പല വിവരങ്ങളും പുറത്തുവിട്ടതെന്നാണ് അറിയുന്നത്.
അതേസമയം, തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് മോന്സന് മാവുങ്കലുമായി സൗഹൃദം സ്ഥാപിച്ചതെന്നു യുവതി പറയുന്നു.
ശ്രീനിവാസനും പെട്ടു
ഡോക്ടര്‍ എന്ന നിലയിലാണ് നടൻ ശ്രീനിവാസൻ മോന്‍സനുമായി പരിചയപ്പെട്ടത്. ഹരിപ്പാടെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കി തന്നതു മോന്‍സനാണെന്നും ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു.
അവിടെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുംനേരം താനറിയാതെ ബില്ല് മോന്സന് തന്നെ അടച്ചു. പിന്നീടൊരിക്കലും അയാളെ കണ്ടുമുട്ടിയിട്ടില്ലെന്നു ശ്രീനിവാസന് കൊച്ചിയില്‍ പറഞ്ഞിരുന്നു.
മോന്‍സനെതിരേ പരാതി നല്കിയവരില് രണ്ടുപേര്‍ ഫ്രോഡുകളാണ്. അവരെ തനിക്കു നേരിട്ട് അറിയാം. അതില്‍ ഒരാള്‍ സ്വന്തം അമ്മാവനില്‍നിന്നു കോടികള്‍ തട്ടിയെടുത്ത ആളാണ്.
പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്‍സനു പണം നല്‍കിയത്. സിനിമയെടുക്കാന്‍ തന്റെ സുഹൃത്തിനു പലിശയില്ലാതെ ഇയാള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു.
വന്പൻമാർ ആര്
മോന്സന് മാവുങ്കലിനു പിന്നിലുള്ള വമ്പന്മാരെ കണ്ടെത്താനും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്കു കൂട്ടുനിന്നവരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
മോന്‍സനു പിന്നില്‍ ആളുകളുണ്ടെന്നു തന്നെയാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം. ഇയാളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേസുകളെടുക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം നല്കുന്ന സൂചന.
നിലവില്‍ മോന്‍സനെതിരേ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മോന്സന് മാത്രമാണ് പ്രതിയായിട്ടുള്ളത്.
2016ല്‍ ഇയാള്‍ തുടങ്ങിയ തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ മോന്സന് വ്യാജ ഡോക്ടര്‍ ആണോ എന്നതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
നിലവില്‍ ഇതുസംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് അത്തരത്തില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്.
മോന്സന് ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ വ്യാപ്തി വലുതായതിനാല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തു.
(തുടരും)