കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ചിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു.
പീഡനത്തിന് ഇരയായ യുവതിയാണ് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഇവിടെനിന്നു പല ഉന്നതരുടെയും ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു.
ബ്ലാക് മെയിലിംഗ് ഭയന്നാണ് പലരും പരാതി നല്കാതിരിക്കുന്നതെന്നാണ് യുവതിയുടെ മൊഴി.എട്ട് ഒളികാമറകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും തന്റെ ദൃശ്യങ്ങളും മോന്സന് പകര്‍ത്തിയതായും യുവതിയുടെ മൊഴിയിലുണ്ടെന്ന് അറിയുന്നു.
അതേ സമയം മോന്‍സന്റെ പോക്സോ കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങും.
മോന്‍സന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചതായും അറിയുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
ആവശ്യമെങ്കില്‍ വീണ്ടുംഅനിതയുടെ മൊഴിയെടുക്കും
മോന്സന് മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിതാ പുല്ലയിലിയില്നിന്നു ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
വിദേശത്തുള്ള അനിതയില്നിന്നു വീഡിയോ കോള്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പില്‍ പങ്കില്ലെന്നാണ് അനിത നല്കിയ മൊഴി.
താന്‍ പറഞ്ഞതനുസരിച്ചാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മോന്‍സന്റെ വീട്ടിലെത്തിയതെന്നും അനിത മൊഴി നല്‍കിയിട്ടുണ്ട്.
അനിതയ്ക്കു തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
മോന്‍സനുമായുള്ള ബന്ധം, അയാളുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഉന്നതരെ പരിചയപ്പെടുത്തിയതിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അനിതയോടു ചോദിച്ചറിഞ്ഞത്.
പ്രവാസി സംഘടനാ ഭാരവാഹിയെന്ന നിലയിലാണ് മോന്‍സനുമായി പരിചയപ്പെട്ടതെന്നും തട്ടിപ്പുകാരനാണെന്നു വൈകിയാണ് അറിഞ്ഞതെന്നും അനിത പറഞ്ഞു.
മോന്‍സനുമായി നല്ല ബന്ധമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. നാട്ടിലെത്തുന്ന സമയങ്ങളില്‍ പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ മോന്‍സുമായി തെറ്റി.
സൗഹൃദം അവസാനിപ്പിച്ചശേഷമാണ് മോന്സന് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘം വരും ദിവസങ്ങളില്‍ അനിതയുടെ മൊഴി വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. വീണ്ടും മൊഴി നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ നേരിട്ട് ഹാജരാകാമെന്ന് അനിത അറിയിച്ചതായാണ് സൂചന.