വൈദ്യപരിശോധനയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ കേസ് പ്രതി മോന്സന് മാവുങ്കലിനെതിരേ പീഡന പരാതി നല്കിയ പെണ്‍കുട്ടി.
കഴിഞ്ഞ ദിവസം കളമശേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് എത്തിച്ചപ്പോഴായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പെണ്‍കുട്ടി പറയുന്നത് കളവാണെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യമെത്തിയത്. എന്നാല്‍ അവിടെ തിരക്കായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയായിരുന്നു.
ബന്ധുവും ഒപ്പമുണ്ടായിരുന്നു. കളമശ്ശേരിയില്‍ കോവിഡ് പരിശോധന കഴിഞ്ഞ ഏറെ സമയം കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് ലേബര്‍ റൂമില്‍ കയറ്റി വൈദ്യ പരിശോധന നടത്തി.
കേസിലെ കുറിച്ച് ഡോക്ടര്‍മാര്‍ വിശദമായി ചോദിച്ചറിഞ്ഞു. ഈ സമയം വേറെ കുറച്ച് ഡോക്ടര്‍മാര്‍ കൂടി ലേബര്‍ റൂമിലേക്ക് വന്നു.
ഇവര്‍ മോന്സന് അനുകൂലമായി സംസാരിച്ചു. താന്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ മുറി പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി.
ബന്ധുവിനൊപ്പം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പുറത്ത് കാത്തുനിന്ന ക്രൈംബ്രാഞ്ച് സംഘത്തെ വിവരം ധരിപ്പിക്കുകയും അവര്‍ക്കൊപ്പം മടങ്ങുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
മോന്‍സന്റെ മകന് ഡോക്ടറായി ജോലി ചെയ്യുന്നത് ഇവിടെയാണ്. ആ സ്വാധീനത്തിലായിരിക്കാം തന്നെ ഭീഷണിപ്പെടുത്തിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണം കളവാണെന്ന് കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആശുപത്രിയില്‍ എല്ലായിടത്തും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.
അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. മോന്‍സന്റെ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ജോലി ചെയ്യവേയാണ് പീഡനത്തിന് വിധേയമായതെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഉന്നത പഠനത്തിന് സഹായം വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ ഗര്‍ഭിണി ആയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
പരാതിപ്പെട്ടപ്പോള്‍ മോന്‍സനും ഗുണ്ടകളും ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. മോന്‍സന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെയും പോക്സോ കേസില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതിനിടെ, മോന്‍സനെതിരെ മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയും പീഡന പരാതി നല്കി. നേരത്തെ തന്നെ ഇവര്‍ സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ചിരുന്നു.
മോന്‍സന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ഇവര്‍ പറയുന്നു.