കൊച്ചി: മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പൂട്ടിയിട്ടെന്ന പരാതിയിൽ രണ്ടു വനിത ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു.
എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണ സംഘം ഇന്ന് ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി നൽകിയിട്ടുള്ളത്.
പോക്സോ കേസിൽ കഴിഞ്ഞ മാസം 27ന് വൈദ്യപരിശോധനക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം ആലുവ താലൂക്ക് ആശുപത്രിയിലാണ് പോലീസ് പെൺകുട്ടിയെ പരിശോധനയ്ക്കായി എത്തിച്ചത്.
പക്ഷേ ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോവുകയായിരുന്നു. ഉച്ചക്ക് 12.45ഓടെ കളമശേരിയില്‍ എത്തി. ഒന്നിന് ആന്റിജന്‍ പരിശോധന നടത്തി.
തുടര്‍ന്ന് ഗൈനക്ക് ഒപിയിലെത്താന്‍ നിര്‍ദേശിച്ചു.എന്നാല്‍ 2.15 വരെ ഒരു പരിശോധനയും നടത്താതെ ആശുപത്രിയില്‍ നിര്‍ത്തിപ്പിച്ചു.
മൂന്നിന് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കാന് എത്തേണ്ടതാണെന്ന് കൂടെയുണ്ടായിരുന്ന പോലീസുകാരും പെണ്‍കുട്ടിയുടെ ബന്ധുവും ഡോക്ടര്‍മാരെ അറിയിച്ചിരുന്നു.
പിന്നീട് രണ്ട് ഡോക്ടര്‍മാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് പൂട്ടിയിടുകയും മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പറയുന്നത്.