കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സന് മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
മോന്‍സനെ അറസ്റ്റു ചെയ്ത ദിവസം കലൂരിലെ വീട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നതായി ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന് പറഞ്ഞു. മോന്‍സനെതിരേ മൊഴി നല്കാന് ഇന്നു കൂടുതല്‍ പേരെത്തുമെന്ന് എസ്പി സോജന് പറഞ്ഞു.
പരാതിക്കാരായ അഞ്ചുപേരുടെയും മൊഴി ഇന്നു രേഖപ്പെടുത്തും. മോന്‍സന്റെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടും.
മൂന്നു ദിവസം
മോന്സന് മാവുങ്കലിനെ മൂന്ന് ദിവസത്തേക്കാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. മോന്‍സന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ടെന്നും വ്യാജരേഖ നിര്‍മിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ വാദം കേട്ടാണ് കോടതി നടപടി.
മോൻസന്റെ അഭിഭാഷകന് നല്കിയ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നിരപരാധിയാണെന്നും മോന്സന് കോടതിയില്‍ പറഞ്ഞു. 15 മിനിറ്റ് അഭിഭാഷകനുമായി സംസാരിക്കാന്‍ കോടതി അനുമതി നല്കി.
ചൊവ്വാഴ്ച രാവിലെ 11ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യ പരിശോധനക്കായി മോന്‍സനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ നേരം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നു.
തുടര്‍ന്ന് ആരോഗ്യനില തൃപ്തികരമായതിന് ശേഷമാണ് വൈകുന്നേരം നാലോടെ കോടതിയിലേക്ക് എത്തിച്ചത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ലഭിച്ച ഇയാളെ ഇന്നലെ ചോദ്യം ചെയ്തിരുന്നില്ല.
കാപ്പിത്തോട്ടത്തിൽ…
അതേസമയം മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും മോന്സന് വന്‍ തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസില്‍ തിങ്കളാഴ്ച രാത്രി കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അറസ്റ്റ്. വയനാട്ടില്‍ മധ്യപ്രദേശ് സര്‍ക്കാരിന് 500 ഏക്കര്‍ കാപ്പിത്തോട്ടമുണ്ട്. മധ്യപ്രദേശ് സ്വദേശിനിയുടേതായിരുന്ന ഈ സ്ഥലം, അവര്‍ മരണപ്പെട്ടപ്പോള്‍ അവകാശികള്‍ ഇല്ലാത്തതിനാല്‍ മധ്യപ്രദേശ് സര്‍ക്കാരില്‍ വന്നുചേര്‍ന്നതാണ്.
ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവില്‍നിന്ന് മോന്സണ് 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.