നാട്ടുകാരുമായി ബന്ധമില്ലായിരുന്നെങ്കിലും സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണം.
പ്രവാസി ജീവിതം (നാടുവിട്ടോടല്) കഴിഞ്ഞ് എത്തിയപ്പോള്‍ വടക്കേ അങ്ങാടി കവലയ്ക്കു സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യ വര്‍ധക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചു.
പോലീസിന്റെ രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നതങ്ങളിലെ പിടിപാട് ഇതിനെ മുക്കി.
ഏതാനും വര്‍ഷം മുമ്പാണ് ചേര്‍ത്തല നഗരത്തിനടുത്തു വല്ലയില്‍ ക്ഷേത്രത്തിനു സമീപത്തെ പിതാവിന്റെ കുടുംബഭൂമിയില്‍ വീടു നിര്‍മിച്ചത്.
അവിടെയും പ്രദേശവാസികളുമായി കാര്യമായ ബന്ധമൊന്നുമില്ലായിരുന്നു. ചേര്‍ത്തലയിലെ ചിലരുടെ കൂടി പങ്കാളിത്തത്തോടെയാണ് ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ
12 ജീവനക്കാർ
കോസ്മോസ് എന്ന പേരില്‍ പള്ളിപ്പുറം എന്‍എസ്എസ് കോളജ് ജംഗ്ഷനു സമീപമാണ് സൗന്ദര്യ വര്‍ധക ചികിത്സാകേന്ദ്രം തുടങ്ങിയത്.
2009 ജനുവരിയിലായിരുന്നു ഇവിടെ കോസ്മോസ് പ്രവര്‍ത്തനം തുടങ്ങിയത്. പത്തു മുറികളാണ് വാടകയ്ക്ക് എടുത്തിരുന്നത്.
മുന്തിയയിനം കാറുകളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യമായിരുന്നു മോന്സന് ഇവിടെ വന്നിരുന്നത്. ഇടപാടുകാരുടെ തിരക്കും കുറവായിരുന്നു. 12 ജീവനക്കാരുമുണ്ടായിരുന്നു.
ഒരു സുപ്രഭാതത്തില്‍ പൂട്ടി താക്കോല്‍ പോലും നല്‍കാതെ കടന്നു. വാടകയും നല്‍കിയില്ല.
രണ്ടുപതിറ്റാണ്ടുമുമ്പ് ഇടവേളയ്ക്കു ശേഷം നാട്ടിലേക്കെത്തിയപ്പോള്‍ താമസിച്ചിരുന്നതു ചേര്‍ത്തല വടക്കേഅങ്ങാടിയിലെ കവലയ്ക്കു സമീപമുള്ള കെട്ടിടത്തിലായിരുന്നു.
വിവാദ ബന്ധങ്ങൾ
റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്ന വിവാദസ്വാമിയുമായി ചേര്‍ന്നും സ്ഥലമിടപാടുകള്‍ നടത്തിയെന്ന് വിവരമുണ്ട്.
വിവാദസ്വാമി പിടിയിലായതോടെ മോന്‍സനും മുങ്ങി. അന്നു ലക്ഷങ്ങള്‍ നല്കി കരാര്‍ ചെയ്ത സ്ഥലങ്ങളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഈ തുകകളൊന്നും തിരികെ വാങ്ങിയിട്ടില്ലെന്നും വിവരം. പീഡനക്കേസ് ഒതുക്കാന്‍ നഗ്നചിത്രം പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയതായുള്ള പരാതിയിലെ പ്രധാന പ്രതി ചേര്‍ത്തല സ്വദേശിയാണ്.
ഗൃഹോപകരണ വ്യാപാരശൃംഖലയുമായി ബന്ധപ്പെട്ട മോന്‍സന്റെ ബന്ധത്തിന്റെ ഭാഗമാണിത്. ഒരു ബില്‍ഡറുടെ പ്രവര്‍ത്തനങ്ങളിലും മോന്‍സന്റെ ഇടപെടലുകളുണ്ടെന്നു പറയുന്നു.
പോലീസിലെ ഉന്നതയിടങ്ങളിലേതിനൊപ്പം താഴേയ്ക്കിടയിലും മോന്സന് ബന്ധമുണ്ടായിരുന്നു.
കോടികളിറക്കി തിരുനാളുകള്‍ നടത്തിയ മോന്സന് ചേര്‍ത്തലയ്ക്കു സമീപമുള്ള ഒരു സ്റ്റേഷനിലെ പോലീസ് ജീപ്പിനു എസി ഫിറ്റ് ചെയ്തു നല്‍കിയെന്നും പറയുന്നു.
(തുടരും)