ചേര്‍ത്തല നഗരത്തിനോടു ചേര്‍ന്നുള്ള വല്ലയില്ഭാഗത്തു ദീപാലംകൃതമായ വീട്ടില്‍ വിശേഷപ്പെട്ട ചടങ്ങ് നടക്കുകയായിരുന്നു അന്ന്.
വിദേശ നിര്‍മിത കാറുകളടക്കം മതില്‍ക്കെട്ടിനകത്തും ചേര്‍ന്നും കിടന്നിരുന്നു. പൊടുന്നനെയാണ് പോലീസ് വേഷത്തിലും മഫ്തിയിലും ഒരുസംഘം ആഘോഷം നടക്കുന്ന വീടിനകത്തേക്കു കയറിയത്. നിമിഷ നേരംകൊണ്ടു ഗൃഹനാഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വകാര്യ സുരക്ഷാഭടന്മാർ അറസ്റ്റിനെ ആദ്യഘട്ടത്തിൽ ചെറുക്കാനായി ഒാടിയെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണു വന്നതെന്നറിഞ്ഞതോടെ പിന്‍വാങ്ങി.
സമീപവാസികളില്‍ ചിലര്‍ ബഹളം കേട്ടു സംഭവം മൊബൈലില്‍ പകര്‍ത്തിയെങ്കിലും പോലീസ് അധികൃതര്‍തന്നെ അതും മായ്ച്ചുകളഞ്ഞതോടെ കാര്യമായ വിവരങ്ങൾ നാട്ടുകാർക്കു പിടികിട്ടിയില്ല.
അടക്കം പറച്ചിലുകള്‍ ഉണ്ടായെങ്കിലും പിറ്റേന്നത്തെ പത്രങ്ങള്‍ വന്നപ്പോഴാണ് നാടും നാട്ടാരും ശരിക്കും ഞെട്ടിയത്. പുരാവസ്തു വില്പനക്കാരനും ഡോക്ടറുമൊക്കെയായി അറിയപ്പെട്ടിരുന്ന ആദരണീയനായ മോന്സന് മാവുങ്കൽ അറസ്റ്റിൽ!.
ഒറ്റദിവസം എല്ലാം തീർന്നു
കള്ളങ്ങള്‍ കൊണ്ടു കെട്ടിപ്പടുത്ത ചീട്ടുകൊട്ടാരവും അതിലെ രാജാവുമാണ് ആ ഒറ്റ ദിവസം കൊണ്ടുവീണത്.
ഒപ്പം ഡോ. മോന്സന് മാവുങ്കലെന്ന കാപട്യജീവിതവും. അതും മകളുടെ വിവാഹനിശ്ചയ ചടങ്ങിനിടെയെന്നതും വിധിവൈപരീത്യം.
ചേര്‍ത്തലയും കഞ്ഞിക്കുഴിയും പരിസര പ്രദേശവുമായിരുന്നു ഏറെക്കാലം മുമ്പുവരെ മോന്‍സന്റെ കേന്ദ്രം. കഞ്ഞിക്കുഴിക്കടുത്ത് മാവുങ്കല്വീട്ടിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചേര്‍ത്തല പോളിടെക്നിക്കില്‍നിന്നു ഡിപ്ലോമയും കരസ്ഥമാക്കി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചേര്‍ത്തലയിലെ തന്നെ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു.
ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്നേ അവിടെ നിന്നു മുങ്ങി. ചേര്‍ത്തലയിലെ ഒരു എയ്ഡഡ് സ്കൂള്‍ അധ്യാപികയെ വിവാഹം കഴിച്ച് ഒടുവില്‍ ഇടുക്കിയിലേക്കു പോയി.
വര്‍ഷങ്ങളോളം ഇവിടെ താമസിച്ചു. കുട്ടികളായ ശേഷമാണ് പിന്നീട് ഇവര്‍ നാട്ടിലേക്കെത്തുന്നത്
കോടീശ്വരൻ !
വിവാഹത്തോടെ നാട്ടിൽനിന്ന് അപ്രത്യക്ഷനായ മോന്സന് പിന്നീട് എത്തുന്നതു കോടീശ്വരനും ഡോക്ടറുമൊക്കെയായി.
പത്താം ക്ലാസും ഡിപ്ലോമയുമായി ഒക്കെ നടന്ന ചെറുക്കന് ഡോക്ടറും കോസ്മറ്റോളജിസ്റ്റും പുരാവസ്തു ബിസിനസുകാരനും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമൊക്കെയായി എത്തിയപ്പോള്‍ നാട്ടുകാര്‍ മുഖം ചുളിച്ചെങ്കിലും പണക്കിലുക്കത്തിലും ഉന്നതബന്ധത്തിന്റെ മികവിലും മോൻസൺ അതിനെയൊക്കെ മറികടന്നു.
ലോകസമാധാന പ്രചാരകന്, വിദ്യാഭ്യാസ വിദഗ്ധൻ, തെലുങ്കു സിനിമാനടന്, പ്രഭാഷകൻ, മോട്ടിവേറ്റര്‍, പരോപകാരി തുടങ്ങി നിരവധി പര്യായ പദങ്ങളുമൊക്കെയായി മോന്സന് വിരാജിച്ചു.
(തുടരും)