കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വിദേശബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വിദേശത്തുനിന്ന് മോന്‍സനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതായാണ് സൂചന.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ വിദേശബന്ധങ്ങളോടു പ്രതികരിച്ചിരുന്നില്ല. ഇതുവരെ വിദേശയാത്ര നടത്താത്ത മോന്‍സനെ ആരെങ്കിലും വിദേശത്തുനിന്ന് സഹായിച്ചിരുന്നോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്.
അതേസമയം പുരാവസ്തു തട്ടിപ്പുകേസില്‍ മോൻസനെതിരേ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തുക്കള്‍ കൈമാറിയ സന്തോഷ് എളമക്കര നല്കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് പുതിയതായി കേസെടുത്തത്.
മോശയുടെ അംശവടിയെന്ന് മോന്സൻ അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും സന്തോഷില്നിന്നു വാങ്ങിയവയാണ്. ഇവ കൈമാറിയ വകയില്‍ ലക്ഷങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് സന്തോഷിന്റെ പരാതി.
സന്തോഷിന് പണം നല്‍കാനുണ്ടെന്ന് മോന്സന് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.മോന്‍സന്റെ പണമിടപാടുകള്‍ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
ഇയാൾ നേതൃത്വം നല്‍കിയിരുന്ന കമ്പനികളും ഇയാളുടെ ഷെയറുള്ള കമ്പനികളും അന്വേഷണപരിധിയിലാണ്. ഈ സ്ഥാപനങ്ങളില്‍ പങ്കാളികളാക്കാമെന്ന് പരാതിക്കാര്‍ക്ക് മോന്സൻ വാഗ്ദാനം നല്‍കിയിരുന്നു.
കന്പനികളുടെ ഡയറക്ടര്‍ ബോർഡ് യോഗം ചേര്‍ന്നതിന്റെ വിശദാംശങ്ങളും ഇയാള്‍ പരാതിക്കാര്‍ക്ക് കൈമാറിയിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിലൂടെ ബേനാമികളെയും പണം കൈമാറിയതിന്റെ വഴിയും കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.