കൊച്ചി: മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസില് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും സൈബര് സെല്ലിലെയും ഉൾപ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നിര്ദേശപ്രകാരമാണിത്. എറണാകുളം സൈബര് പോലീസ് സ്റ്റേഷനിലെ ഇന്സ്പെക്ടറും ഇതില് ഉള്പ്പെടും. മോന്സന്റെ ഫോണ് വിവരങ്ങളും മറ്റും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സൈബര് പോലീസ് ഇന്സ്പെക്ടറെ ഉള്പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ക്രൈംബ്രാഞ്ച് ഐജി ജി. സ്പര്ജന്കുമാര് ഇന്നു കൊച്ചിയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു കൊച്ചിയില് ചേരുമെന്നാണ് അറിയുന്നത്.
തട്ടിപ്പ് നടത്തിയത് കലിംഗ ഫൗണ്ടേഷന്റെ മറവില്
മോന്സന് പുരാവസ്തു തട്ടിപ്പ് നടത്തിയത് കലിംഗ കല്യാണ് ഫൗണ്ടേഷന്റെ മറവിലെന്നു സൂചന. ഇത് കടലാസ് സംഘടനയാണെന്നാണ് നിഗമനം. ബംഗളൂരുവിലെ മലയാളി അടക്കമുള്ളവരാണ് കലിംഗ ഫൗണ്ടേഷനിലെ മോന്സൻരെ പങ്കാളികളെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. കമ്പനി രജിസ്റ്റര് ചെയ്തിരുന്നില്ല.
കലിംഗ കല്യാണ് ഫൗണ്ടേഷനിലെ പങ്കാളിയില് നിന്ന് മോന്സന് രണ്ടു കോടി രൂപ തട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി അറിയുന്നു. പത്തുകോടി രൂപ തട്ടിയതില് നാലര കോടി രൂപ വാങ്ങിയതായി മോന്സന് അനേഷണസംഘത്തോടു സമ്മതിച്ചതായും സൂചനയുണ്ട്.
ആഢംബര വിരുന്നൊരുക്കാനായി മോന്സന് ലക്ഷങ്ങള് പൊടിച്ചതായും അന്വേഷണ സംഘത്തോടു സമ്മതിച്ചതായും അറിയുന്നു.പ്രവാസി വനിതയടക്കം പലര്ക്കും ഇയാള് മുന്തിയ ഹോട്ടലില് സൗകര്യമൊരുക്കിതായും സൂചനയുണ്ട്. അതേസമയം മോന്സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വിട്ടു.
ഈ സാഹചര്യത്തില് ഇയാളെ കൂടുതല് ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. മോന്സന്റെ ഫോണ് കോള് വിവരങ്ങള് അടക്കം പരിശോധിച്ച് പഴുതില്ലാത്ത അന്വേഷണത്തിലേക്കാണ് ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്നത്.
മോന്സന്റെ ബാങ്ക് അക്കൗണ്ടുകളില് പണം ഇല്ലെന്നു കണ്ടെത്തിയ സാഹചര്യത്തില് ഇയാളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചു അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തുമെന്നാണ് അറിയുന്നത്. ഇയാളുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്നും സൂചനയുണ്ട്.