കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കിയതായി വിവരം.
ഇയാൾക്കെതിരേ പാലാ സ്വദേശി രാജീവ് പരാതി നല്‍കിയതായാണു വിവരം. പ്രതി ഒന്നരക്കോ ടി രൂപ തട്ടിയെന്നാണ് രാജീവ് ക്രൈംബ്രാഞ്ചിന് നല്കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.
ബ്രൂണെ സുല്‍ത്താന്‍ പുരാവസ്തു വിറ്റ വകയില്‍ കിട്ടിയ 67,000 കോടി രൂപ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
ഇതു വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ക്കായി ഒന്നരക്കോടി രൂപ നല്കി സഹായിച്ചാല്‍ ഉയര്‍ന്ന തുക തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. അങ്ങനെയാണ് പ്രതിക്ക് രാജീവ് പണം കൊടുത്തതെന്നാണ് വിവരം.
മോന്‍സന്റെ തട്ടിപ്പ് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര് വരും ദിവസങ്ങ ളിൽ പോലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പലര്‍ക്കും പണം നല്‍കാനുണ്ടെന്ന് മോന്സന് ക്രൈം ബ്രാഞ്ചിനു മൊഴി നല്കി. താന്‍ ആരെയും കബളിപ്പിച്ചിട്ടില്ലെന്നും പണം നല്‍കാനുണ്ടെന്നും അത് ഉടന്‍ നല്‍കുമെന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിട്ടുള്ളത്.
പ്രതിയുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് അക്കൗണ്ടുകല്‍ വരുംദിവസങ്ങളില്‍ പരിശോധിക്കും.
ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതാരാണ് നിര്‍മിച്ചു നല്‍കിയത് എന്നതടക്കമുള്ളവ അന്വേഷണ പരിധിയില്‍ വരും.
പണം നല്‍കുന്നവരുടെ വിശ്വാസം പിടിച്ചുപറ്റാനാണ് ഇയാള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം ചിത്രം എടുത്തിരുന്നത്.
എന്നാല്‍, ഇടപാടില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പ്രത്യേകം അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതിനിടെ മോന്‍സനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഹര്‍ജി നല്കി. ഇന്നു മുതല്‍ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതി പലരില്‍ നിന്നും തട്ടിയെടുത്ത പണം എങ്ങനെ ഉപയോഗപ്പെടുത്തി എന്ന തും തട്ടിപ്പിന്റെ ഉറവിടം എന്നിവയെപ്പറ്റിയും അന്വേഷണം തുടരുന്നതിനു ചോദ്യം ചെയ്യല്‍ അത്യാവശ്യമാണെന്നും ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
എച്ച്എസ്ബിസി ബാങ്കിലെ വ്യാജരേഖ നിർമിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷന് പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വരെ വിശ്വാസം പ്രതി സമ്പാദിച്ചെന്നും അതിനാല്‍ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.
മോന്സന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാനവാദം. പരാതിക്കാരന് പണം നല്‍കിയതിന്റെ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും അറിയിച്ചു.