സ്വന്തം ലേഖകൻ
കോഴിക്കോട്: മോൻസൻ മാവുങ്കൽ തട്ടിപ്പിനരയാക്കിയവരിൽ അധികവും കോഴിക്കോട്ടുകാർ. വിദേശത്ത് ഖത്തറിലും നാട്ടിലുമായി വിത്യസ്തമേഖലകളിൽ നിക്ഷേപമുള്ള ഏബിൾ ഗ്രൂപ്പ് ഉടമകളായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ എന്നിവരാണ് തട്ടിപ്പിനിരയായവരിൽ പ്രമുഖർ.
മുക്കം ചെറുവാടി സ്വദേശികളാണിവർ. ഇവർ ചേർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവരാണ് പരാതിയിൽ ഒപ്പുവച്ച മറ്റുള്ളവർ.
എങ്ങനെ കെണിയിലായി
പ്രവാസലോകത്ത് വലിയ നിക്ഷേപമുള്ള ഇവർ മോൻസൻ മാവുങ്കലിന്റെ കെണിയിൽ എങ്ങിനെ വീണു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതുവരെ വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത മോൻസൻ മലയാളി പ്രവാസി ഫെഡറേഷന്റെ ഭാരവാഹി എന്നനിലയിലാണ് ഇവരെ സമീപിച്ചിരുന്നത്.
വിദേശത്തുനിന്ന് വന്ന 2.62 ലക്ഷം കോടി രൂപ ഫെമ നിയമകുരുക്കിൽപ്പെട്ട് ഡൽഹിയിലെ ബാങ്കിൽ കുടുങ്ങികിടക്കുകയാണെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നുമായിരുന്നു മോൻസൻ ഇവരെ പറഞ്ഞുപറ്റിച്ചിരുന്നത്.
നിയമപോരാട്ടങ്ങൾക്കായി ഡൽഹിയിലെ പ്രമുഖ ലീഗൽ അസോസിയേറ്റ്സിനെ ഏൽപ്പിച്ചതായും ധരിപ്പിച്ചു.
ഓഫർ
പണം ഉടൻ റിലീസാകുമെന്നും കിട്ടിയാൽ പലിശരഹിത വായ്പ തരാമെന്നുമായിരുന്നു ഇവർക്കുമുന്പിൽ വച്ച ഓഫർ. മാത്രമല്ല മോൻസൻ മാവുങ്കലിന്റെ വിവിധ കന്പനികളിൽ ഡയറക്ടർമാരാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
പല മേഖലയിൽ പലതരത്തിലുള്ള നിക്ഷേപമുള്ള പ്രവാസികൾ പലിശരഹിത വായ്പയും മോാൻസൻ മാവുങ്കലിന്റെ കന്പനിയിലെ പങ്കാളിത്തവും സ്വപ്നം കണ്ടാണ് കോടികൾ നൽകിയത്.
ചിത്രങ്ങളിൽ…
വിശ്വസിപ്പിക്കാനായി കെപിസിസി അധ്യക്ഷനുമായുള്ള ബന്ധവും പ്രമുഖരോടൊപ്പമുള്ള ചിത്രവും ഇയാൾ ഉപയോഗിച്ചിരുന്നു.
മാത്രമല്ല ഇയാളുടെ കൊച്ചി കല്ലൂരിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പലതരത്തിലുള്ള പുരാവസ്തുക്കളും കാണിച്ചിരുന്നു. ഇവയെല്ലാം ആശാരിമാരെയും മൂശാരിമാരെയും ഉപയോഗിച്ച് ഇയാൾതന്നെ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പഴയമവരുത്താൻ കെമിക്കൽ ഉപയോഗിച്ച് ചില പൊടികൈകൾ ചെയ്യുകയായിരുന്നു.
‘നിസ്കാര പായനിങ്ങൾ സൂക്ഷിക്കണം’
കോഴിക്കോട്: നബി തിരുമേനി ഉപയോഗിച്ച നിസ്കാരപായയും വിളക്കുമെല്ലാം ഇസ്ലാംമത വിശ്വാസിയായ നിങ്ങൾതന്നെ സൂക്ഷിക്കണമെന്ന് മോൻസൻ മാവുങ്കൽ തന്നോടു പറഞ്ഞിരുന്നതായി പരാതിക്കാരനായ യാക്കൂബ് പുറായിൽ രാഷ്ട്ര ദീപികയോടു പറഞ്ഞു.
ഞാൻ നൂറുകണക്കിന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ നിരവധി കൊട്ടാരങ്ങൾ കയറി ഇറങ്ങിയിട്ടുമുണ്ട്.ഓട്ടോമൻ തുർക്കികളുടെ പരന്പരയിൽനിന്നാണ് ഈ അമൂല്യ വസ്തുക്കൾ സംഘടിപ്പിച്ചതെന്നുമായിരുന്നു മോൻസൻ ഇയാളെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു.
നല്ല നിലവാരത്തിൽ സംസാരിക്കാനുള്ള ശേഷിയുള്ള മോൻസൻ തന്റെ മുൻപിലെത്തുന്നവർക്ക് യോജിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചിരുന്നതെന്നും യാക്കൂബ് പുറായിൽ പറയുന്നു. കല്ലൂരിലുള്ള മോൻസന്റെ വീട്ടിൽ പലകുറി പോയിരുന്നതായും യാക്കൂബ് പുറായിൽ വെളിപ്പെടുത്തി.