വീട്ടില്‍ വരുന്നവരെ താന്‍ സമ്പന്നനാണെന്നു ധരിപ്പിക്കാനായി ഇയാള്‍ ബോധപൂര്‍വം വാഹനങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനം.
പോഷെ, മസ്ത, ടൊയോട്ട, ലാന്‍ഡ് ക്രൂയിസര്‍, റേഞ്ച് റോവർ, ബെന്‍സ്, ഡോഡ്ജ് ഫെരാരി തുടങ്ങിയ വാഹനങ്ങളാണ് മുറ്റത്ത് പാർക്ക് ചെയ്തിരുന്നത്.
ഇതില്‍ പലതും എൻജിൻ നിലച്ച അവസ്ഥയിലാണെന്നായിരുന്നു മോന്സന് നല്കിയ മൊഴി.
വാഹനങ്ങള്‍ എവിടെനിന്ന് ഇയാള്‍ കൊണ്ടുവന്നുവെന്നതിനെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പല വാഹനങ്ങളുടെയും താക്കോല്‍ വീട്ടില്‍ ഇല്ല. അതിനാല്‍തന്നെ അതു തുറന്നു പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സാധിച്ചിട്ടില്ല.
പരാതിക്കാരായ അനൂബിനും യാക്കോബിനും വാഹനങ്ങള്‍ നല്‍കിയെന്ന മോന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മിത്സുബിഷി പോഷെയായി
ലക്ഷങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഈട് നല്‍കിയിരുന്നത് ഈ കാറുകളാണെന്നും സംശയമുണ്ട്.
ഇവയ്ക്ക് ഇന്‍ഷ്വറന്‍സുമില്ല. ആഡംബര വാഹനങ്ങളെല്ലാം പഴഞ്ചനാണ്. ഡോഡ്ജ് ഗ്രാന്‍ഡ് എന്ന വാഹനം മാത്രമാണ് മോന്‍സണിന്റെ പേരിലുള്ളത്.
ഇതിന്റെ രജിസ്ട്രേഷന് കാലാവധി അവസാനിച്ചതാണ്. ബാക്കിയുള്ള ആഡംബര വാഹനങ്ങളുടെ ഉടമയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വ്യാജ നമ്പര്‍ പ്ലേറ്റ് ആണോ കേരളത്തില്‍ ഉപയോഗിച്ചിരുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ഹരിയാന രജിസ്ട്രേഷനിലുള്ള പോഷേ യഥാര്‍ഥ പോഷേ അല്ലെന്നാണ് കണ്ടെത്തല്‍. മിത്സുബിഷി സെഡിയ കാര്‍ രൂപമാറ്റം വരുത്തി പോഷേ ലോഗോ പതിപ്പിച്ചിറക്കിയതാണെന്നും സംശയിക്കുന്നു.
ഒട്ടകത്തിന്റെ എല്ല്
മോന്‍സന്റെ കലൂര്‍ ആസാദ് റോഡിലെ വീട്ടില്‍ കസ്റ്റസും വനംവകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നാല് ആനക്കൊമ്പും വ്യാജമാണെന്നും കണ്ടെത്തി. ഒട്ടകത്തിന്റെ എല്ല് ഉപയോഗിച്ചു നിർമിച്ചവയായിരുന്നു ഇത്.
പീഡനക്കേസ്
ലൈംഗിക പീഡന ഇരയെ മോന്സന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എറണാകുളം സ്വദേശിയായ യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
മോന്‍സന്റെ ബിസിനസ് പങ്കാളിയായ ചേര്‍ത്തല സ്വദേശി എസ്. ശരത്തിനെ രക്ഷിക്കാനായി ഇയാള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍നിന്നു പിന്മാറിയാല് പത്തു ലക്ഷം രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുണ്ട്.
(തുടരും)