കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയ ആനക്കൊമ്പിനു സമാനമായ വസ്തു എറണാകുളത്ത് ഒരു പ്രമുഖ ആഡംബര ഹോട്ടലിലെ ഷോപ്പില്‍നിന്നു വാങ്ങിയതാണെന്ന് വനംവകുപ്പ് കണ്ടെത്തി.
ഇതിനു വിലയായി 5,000 രൂപയാണ് മോന്സന് നല്‍കിയത്. ഇത് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയതിന്റെ 35,000 രൂപയുടെ ബിൽ മോന്‍സന്റെ വീട്ടില്‍നിന്നു വനംവകുപ്പ് അധികൃതര്‍ കണ്ടെത്തി.
ആനക്കൊമ്പിനു സമാനമായ ഈ വസ്തു വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വനംവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്.
തെളിവെടുപ്പും നടത്തിയിരുന്നു. മോന്‍സന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പിനോടും തിമിംഗല അസ്ഥിയോടും സമാനമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തിമിംഗല അസ്ഥിക്ക് സമാനമായ വസ്തു കണ്ടെത്തിയ കേസില്‍ ഇയാളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.