കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലില്‍നിന്ന് രണ്ടു സിഐമാര്‍ പണം കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം തുടങ്ങി. ഡിജിപി അനില്‍കാന്താണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മെട്രോ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാലും മേപ്പാടി ഇന്‍സ്പെക്ടര്‍ എ.ബി. വിപിനും മോന്‍സനില്‍നിന്ന് പണം കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
അനന്തലാല്‍ ഒരുലക്ഷം രൂപയും എ.ബി. വിപിന്‍ മൂന്നു തവണയായി ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും (ഒരുലക്ഷം, അമ്പതിനായിരം, മുപ്പതിനായിരം) അക്കൗണ്ടിലൂടെ കൈപ്പറ്റിയതായാണ് ക്രൈംബ്രാഞ്ച് എഡിജിപി ഡിജിപി അനില്‍കാന്തിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പണം കൈമാറിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.
കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സൗത്ത് സോണ്‍ ഐജിക്കു നല്‍കാനാണ് ഉത്തരവ്.
മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയിട്ടുള്ളത്.
വിപിനു നല്കിയ മുപ്പതിനായിരം രൂപ ഒഴികെയുള്ള തുക ഇരുവര്‍ക്കും ജോഷിയുടെ ഒരു അക്കൗണ്ട് വഴിയാണ് കൈമാറിയിട്ടുള്ളത്.
മുപ്പതിനായിരം ജോഷിയുടെ മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് നല്കിയതും. 2021 ഒക്ടോബര്‍ ആറിന് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മോന്‍സനില്‍നിന്ന് ഈ തുക കടം വാങ്ങിയതാണെന്ന് സിഐമാര്‍ അറിയിച്ചത്.
എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുക്കാതെ തുടര്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് നല്‍കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പിലുള്‍പ്പെട്ട ഒരു വ്യക്തിയില്‍നിന്നും സംശയാസ്പദ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നത് വിശ്വാസ്യതയില്‍ സംശയമുളവാക്കുന്നതാണ്.
ഇത്തരം നീക്കങ്ങള്‍ സേനയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്നതാണെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.