കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്സന് മാവുങ്കലിന്റെ വാടക വീട്ടില്‍ മോഷണം നടന്നെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കലൂരിലെ വീട്ടില്‍ ഈ മാസം എട്ടിന് ഗേറ്റ് പൊളിച്ചു ചിലര്‍ അതിക്രമിച്ചു കടന്നു കയറിയെന്നും മോഷണം നടത്തിയെന്നുമാണ് മോന്‍സന്റെ മകന് മാനസ് വക്കീല്‍ മുഖേന ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വീടിനുള്ളില്‍ വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായും ആളുകള്‍ അതിക്രമിച്ചു കയറിയ വിവരം അയല്‍വാസിയാണ് തന്നെ അറിയിച്ചതെന്നുമാണ് പരാതിയിലുള്ളത്. അതേസമയം ഈ വീടിന്റെ ഉടമ മോഷണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.
വീട്ടുടമയ്ക്ക് വര്‍ഷങ്ങളായി മോന്സന് വാടക നല്‍കിയിട്ടില്ലെന്നും മോന്സന് അവിടെനിന്ന് മാറണമെന്നുള്ള കോടതി വിധി കഴിഞ്ഞ ദിവസം വീട്ടുടമയ്ക്ക് ലഭിച്ചുവെന്നും പോലീസ് പറയുന്നു. ഇക്കാരണങ്ങളാല്‍ പരാതി വിശ്വാസ്യയോഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.