കടുത്തുരുത്തി: ആക്രിക്കടകള്ക്കെതിരേ നടപടികളുമായി ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ആക്രിക്കടകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണു വന്‍തോതില്‍ കൊതുകു വളര്‍ച്ചക്ക് ഇടയാക്കുന്ന തരത്തില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ക്കു വെല്ലുവിളിയായുള്ള ആക്രിക്കടകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത്.
ഒഴിവുള്ള സ്ഥലങ്ങള്‍ കുറഞ്ഞ വാടകയ്ക്കെടുത്ത് ആക്രി സാധനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുകൂട്ടി ഏതെങ്കിലും സമയത്ത് ലോഡ് കയറ്റിയയക്കുന്ന രീതിയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് ടയര്‍ അടക്കമുള്ള ആക്രി സാധനങ്ങളില്‍ മഴയെത്തുന്നതോടെ വെള്ളം കെട്ടിനിന്നു കൊതുകുജന്യ രോഗങ്ങളുടെ ഗുരുതര വ്യാപനഭീഷണിയാണ് ഇവ മൂലം പ്രദേശത്തുണ്ടാകുന്നത്.
നോട്ടീസ് കാലാവധിക്കുള്ളില്‍ നിര്‍ദേശിച്ച സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്ഥല ഉടമകള്‍ക്ക് പിഴ ചുമത്തി, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
പെരുവ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സജിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ഉണ്ണികൃഷ്ണന്, സജിത തമ്പി എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
മഴക്കാലരോഗ നിയന്ത്രണം, മാലിന്യനിര്‍മാര്‍ജനം എന്നിവ ലക്ഷ്യമാക്കി പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് നല്കുന്ന നിര്‍ദേശങ്ങളോട് ജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനു ഇന്ദുചൂഡന് അഭ്യര്‍ഥിച്ചു.