തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിനെത്തുമെന്നു കരുതിയിരുന്ന കാലവർഷം രണ്ടു ദിവസം നേരത്തേ എത്തി. തെക്കുകിഴക്കൻ അറബിക്കടലിലെ കേരള തീരത്തിനരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു.
കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി, അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിയോടും മിന്നലോടും കൂടി മഴ പെയ്യാനും ജൂണ്‍ മൂന്നു വരെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.