കടുത്തുരുത്തി: കോവിഡ് കാലത്ത് പഠനവഴിയേ സഞ്ചരിച്ച എംഎൽഎയ്ക്കും ഭാര്യക്കും പരീക്ഷാഫലം വന്നപ്പോൾ വിജയത്തിന്റെ ഇരട്ടിമധുരം.
മോൻസ് ജോസഫ് എംഎൽഎയും ഭാര്യ സോണിയയുമാണ് എംഎ സോഷ്യോളജി പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയം നേടിയത്.
മോൻസ് ജോസഫ് 62 ശതമാനവും സോണിയാ മോൻസ് 66 ശതമാനവും മാർക്ക് നേടി. എംഎസ്സി, ബിഎഡ് ബിരുദധാരിയായ സോണിയ അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എംഎ സോഷ്യോളജിയിൽ ചേർന്നത് ഭർത്താവിനെ പഠനത്തിൽ സഹായിക്കാൻകൂടിയാണ്.
കോട്ടയം ബസേലിയസ് കോളജിൽ ഡിഗ്രി പഠനത്തിന് ശേഷം എംഎ ഹിസ്റ്ററിയിൽ ചേർന്ന് കോഴ്സ് പൂർത്തിയാക്കിയെങ്കിലും പരീക്ഷയെഴുതാൻ മോൻസിനു കഴിഞ്ഞിരുന്നില്ല.
പിന്നീട് അടുത്ത രണ്ടുവർഷക്കാലം എംഎ പൊളിറ്റിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയെങ്കിലും കേരള പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ലോ അക്കാഡമിയിൽനിന്ന് എൽഎൽബി ബിരുദം നേടി ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു.
കെഎസ്സി -ജെ സംസ്ഥാന പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്പോഴാണ് 1996 -ൽ മോൻസ് ജോസഫ് ആദ്യമായി നിയമസഭയിലേക്കു മത്സരിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും.
തുടർന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട പഠന സാഹചര്യങ്ങളാണ് ദീർഘ കാലത്തിനുശേഷം കോവിഡ് കാലത്ത് അവിചാരിതമായി തിരിച്ചു കിട്ടിയതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
എംഎ പരീക്ഷയിൽ വിജയിച്ചതോടെ ഇനിമുതൽ നിയമസഭാ രേഖകളിലുൾപ്പെടെ കടുത്തുരുത്തി എംഎൽഎയുടെ പേരിനൊപ്പം എംഎ, എൽഎൽബി എന്നുകൂടി ചേർക്കപ്പെടും.