മാഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അന്തര്‍ ജില്ലകളെ ബന്ധിപ്പിച്ചിരുന്നതും അടച്ചിട്ടതുമായ എല്ലാ റോഡുകളും തുറന്നെങ്കിലും കണ്ണൂര്‍, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മോന്താല്‍ പാലം തുറന്നു കൊടുത്തില്ല.
നേരത്തെ കോഴിക്കോട് ജില്ലയില്‍ പെടുന്ന ഭാഗം ചോമ്പാല്‍ പോലീസ് അടച്ചിട്ടിരുന്നെങ്കിലും പിന്നീട് ബാരിക്കേഡുകള്‍ നീക്കി. എന്നാല്‍ ചൊക്ലി പോലീസിന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍ ജില്ലയില്‍ പെടുന്ന പാലത്തിന്റെ ഭാഗം ബാരിക്കേഡുകള്‍ വച്ച് അടച്ചത് ഇനിയും തുറന്നു കൊടുത്തിട്ടില്ല.
ഇതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ ഭരണകൂടമാണ് തീരുമാനമെടുക്കേണ്ടത്. വടകര ഭാഗത്ത് നിന്നും പാനൂര്‍, കൂത്തുപമ്പ്, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള ഏറ്റവും എളുപ്പത്തിലെത്താവുന്ന പാതയാണ് കുഞ്ഞിപ്പള്ളി-മോന്താല്‍പാലം റൂട്ട്.
പാലം അടച്ചിട്ടതോടെ കൂത്തുപറമ്പ് മേഖലകളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കിലോമീറ്ററുകള്‍ ചുറ്റിയാണ് പോകുന്നത്. മോന്താല്‍ പാലത്തിന്റെ കണ്ണൂര്‍ ജില്ലയിലെ ഭാഗം അടച്ചിട്ടത് സംബന്ധിച്ച ദേശീയ പാതയായ കുഞ്ഞിപ്പള്ളിയിലോ മറ്റിടങ്ങളിലോ ഇതു സംബന്ധിച്ച ഒരു സൂചന ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല.
ഇതു കാരണം കുത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞിപ്പള്ളിയിലെ ദേശീയ പാതയില്‍ നിന്നും പാനൂര്‍ റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച മോന്താല്‍ പാലത്തിലെത്തിയാല്‍ മാത്രമാണ് റോഡ് അടച്ചിടുന്ന വിവരം അറിയുന്നത്.
പിന്നീട് കിലോമീറ്ററുകള്‍ തിരിച്ച് പോകേണ്ട അവസ്ഥയും നേരിടുന്നുണ്ട്. കണ്ണൂര്‍ പോലീസ് അധികൃതരുടെ പിടിവാശിയാണ് മോന്താല്‍ പാലം തുറന്നു കൊടുക്കാന്‍ വൈകുന്നതെന്നും ആരോപണമുണ്ട്.