കോട്ടയം: കുപ്രസിദ്ധ ക്രിമിനലും കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തോട്ടയ്ക്കാട് പൊങ്ങന്താന ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനുരാജ് പ്രേമി(മോനു, 27)നെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, മോഷണം, ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ മോനുരാജ് പ്രേം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ്സിലും കോട്ടയം എക്സൈസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്ന് കേസിലും തടവ് ശിക്ഷ അനിഭവിച്ചിട്ടുണ്ട്.
2020 ജനുവരിയിൽ വിചാരണയ്ക്കായി കോട്ടയം കോടതിയിൽ ഹാജരാക്കുന്നതിന് എസ്കോർട്ട് വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈവിലങ്ങ് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലും 2021 മാർച്ച് മാസം തലശേരി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കൊലപാതക ശ്രമ കേസിലും ജാമ്യത്തിൽ കഴിയവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.