കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ നഗ്ന ഫോട്ടോയും വീഡിയോയും പകർത്തിയെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഡൽഹി സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റു ചെയ്തു.
വിവാഹിതയായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് വാട്സ് ആപ്പിലൂടെ പ്രലോഭിപ്പിച്ച് ഫോട്ടോ കരസ്ഥമാക്കുകയായിരുന്നു. 2020 ജൂലൈ മാസത്തിലാണ് പ്രതി യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും.
സ്ത്രീയുമായി നിരന്തരം സാമൂഹിക മാധ്യമങ്ങൾ വഴി ചാറ്റിംഗ് തുടർന്ന പ്രതി സ്ത്രീയുടെ ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കി. പിന്നീടാണ് ഈ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് 2021 ഏപ്രിൽ മാസം മുതൽ മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തത്.
സംഭവത്തിൽ സ്ത്രീ പാലാ പോലീസിൽ പരാതി നൽകിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതി ഡൽഹി സ്വദേശിയായ മോനുകുമാർ റാവത്ത് (25) ആണെന്നും ഇയാൾ വിദേശത്താണെന്നും മനസിലാക്കി. തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തായിരുന്ന പ്രതി ഇന്നലെ ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എയർപോർട്ടിൽ തടഞ്ഞു വയ്ക്കുകയും എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്ന് പാലാ പോലീസ് ഡൽഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് പാലായിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.