ഷാജഹാന്‍ താജ്മഹല്‍ പണിതതുപോലെ ഭാര്യയുടെ ഓര്‍മയ്ക്കായി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശി ഒരു ഭര്‍ത്താവ്! വിചിത്ര സ്മാരക നിര്‍മാണത്തിന് കാരണമായി ഇന്‍ഡോര്‍ സ്വദേശിയായ വ്യക്തി പറയുന്നതിങ്ങനെ

മരിച്ചുപോയ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ പണിത വ്യക്തിയാണ് ഷാജഹാന്‍. കാലങ്ങള്‍ പലത് കഴിഞ്ഞിട്ടും ആളുകള്‍ അനുസ്മരിക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഒരു ഭര്‍ത്താവ് ചെയ്ത കാര്യം ചര്‍ച്ചയായിരിക്കുന്നു.

ഒരു പുതിയ സ്‌കൂട്ടര്‍ വാങ്ങി അതില്‍ സ്വര്‍ണം പൂശുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഇന്‍ഡോര്‍ സ്വദേശി മാന്‍സിംഗാണ് ഭാര്യയ്ക്കായി ഇത് ചെയ്തത്. പുത്തന്‍ മാസ്ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണ്ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം എടുക്കുകയും ചെയ്തു. രണ്ടു ലക്ഷം രൂപയാണ് സ്വര്‍ണ്ണം പൂശാന്‍ മാന്‍സിങ്ങിന് ചിലവായത്. ഭാര്യയ്ക്ക് സ്വര്‍ണ്ണത്തോട് ഭ്രമമായിരുന്നുവെന്നും അതുകൊണ്ടാണ് മരണശേഷം സ്വര്‍ണ്ണം പൂശിയ സ്‌കൂട്ടര്‍ നിര്‍മ്മിച്ചതെന്നും മാന്‍സിങ് പറയുന്നു.

സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്ലോര്‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്. ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞിരുന്നുവെന്നും അത് താന്‍ കാര്യമാക്കി എടുത്തില്ലെന്നും ഇപ്പോള്‍ സ്‌കൂട്ടര്‍ കാണുന്നതിനായി ധാരാളം ആളുകള്‍ ദിവസേന വീട്ടില്‍ എത്തുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

Related posts