കറുകച്ചാൽ: ബൈക്കിലെത്തിയ സംഘം ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ചശേഷം പണവും ടിക്കറ്റും തട്ടിയെടുത്ത സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നെടുംകുന്നം മോജിൻഭവനിൽ മോഹനനെ(50)യാണ് ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം ഗവ. ഹൈസ്കൂളിനു സമീപത്തുവച്ച് ആക്രമിച്ചത്.
കറുകച്ചാലിൽനിന്നും നെടുംകുന്നം ഭാഗത്തേക്കുപോയ മോഹനന്റെ സമീപം ബൈക്ക് നിർത്തിയ ശേഷം ‘എന്റെ പെങ്ങളോട് അപമര്യാദയായി പെരുമാറിയോടാ’യെന്നു ചേദിച്ച ശേഷം റോഡരികിലേക്കു തള്ളിയിടുകയായിരുന്നു.
മോഹനന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇവർ തട്ടിയെടുത്തശേഷം ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. താനൊരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അവരു ടെ ചോദ്യം കേട്ട് പകച്ചുനിന്ന സമയത്താണ് തന്നെ അവർ ആക്രമിച്ചതെന്നും മോഹനൻ പറയുന്നു.
ബാഗിനുള്ളിൽ എണ്ണായിരം രൂപയുടെ ടിക്കറ്റുകളും 1500 രൂപയും ഉണ്ടായിരുന്നു. അക്രമി സംഘങ്ങളുടെ ദൃശ്യം കവലയിലെ സിസിടിവിയിൽ നിന്നു പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബൈക്കിന്റെ നന്പറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കൈകാലുകൾക്കു പരിക്കേറ്റ മോഹനൻ നെടുംകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഒരു വർഷം മുൻപു മോഹനന്റെ പണം അടങ്ങിയ ബാഗും ടിക്കറ്റുകളും കറുകച്ചാൽ ബവ്റിജസ് ഒൗട്ട്ലെറ്റിനു സമീപം സമാന രീതിയിൽ കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു കടന്നുകളഞ്ഞിരുന്നു.
മാമ്മൂട് സ്വദേശികളായ ഇവരെ പിന്നീട് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കറുകച്ചാൽ എസ്എച്ച്ഒ കെ.എൽ. സജിനമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.