ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു.
അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞ് മൂലം തിങ്കളാഴ്ച രാവിലെയും വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. മുപ്പതോളം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്.
അതിശൈത്യം കാരണം ഡൽഹിയിലും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശൈത്യം കനത്ത പശ്ചാത്തലത്തിൽ ഹരിയാനയിൽ സ്കൂളുകൾക്ക് ജനുവരി ഒന്നുവരെ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 31ന് ശേഷം ഡൽഹിയിൽ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താൽ തണുപ്പ് വർധിക്കുമെന്ന ആശങ്കയും ഉണ്ട്.
മൂടൽമഞ്ഞ്: ഡൽഹിയിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര് മരിച്ചു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
പതിനൊന്നു പേരാണ് കാറിലുണ്ടായിരുന്നത്. മഹേഷ്, കിഷന്, നീരേഷ്, രാം, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടർന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.