കണമല: എയ്ഞ്ചൽവാലിയിൽ വീടിനടുത്ത് പറമ്പിൽ രണ്ടു പുലികളെ കണ്ടെന്ന് വീട്ടുടമയും അയൽവാസികളും വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കകം എട്ട് കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിലും പുലിയെ കണ്ടതായി നാട്ടുകാർ
. മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് ഈറയ്ക്കൽ ജ്ഞാനകുമാറിന്റെ വീടിനോടുള്ള ചേർന്നുള്ള ആട്ടിൻകൂട്ടിൽനിന്നും ഒരു ആടിനെ കൊന്നിട്ട നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി.
ആടിനെ കൊന്നത് പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പും സർക്കാർ വെറ്ററിനറി സർജനും. സംഭവത്തിൽ ഭീതി അകറ്റാനും സുരക്ഷ ഉറപ്പാക്കാനുമായി അടിയന്തര പരിഹാര നടപടികൾ വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
കണ്ടതു രണ്ടു പേർ
കഴിഞ്ഞ ദിവസം ബുധനാഴ്ച രാത്രി 7.30 ഓടെയാണ് മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് റോഡിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. മൂക്കൻപെട്ടി സ്വദേശികളായ ചൈതന്യ സ്വാശ്രയ സംഘം പ്രസിഡന്റ് ജോയി, സെക്രട്ടറി ദേവരാജൻ എന്നിവരാണ് പുലിയെ കണ്ടെന്ന് അറിയിച്ചത്.
ഇരുവരും കാറിൽ വരുമ്പോൾ വാഹനത്തിന്റെ വെളിച്ചത്തിലാണ് റോഡിൽ പുലിയെ കണ്ടതെന്ന് പറയുന്നു. വെളിച്ചം കണ്ട് തെരുവത്ത് ഷിജിയുടെ പറമ്പിലേക്ക് പുലി ഓടിമറഞ്ഞെന്ന് ഇവർ പറയുന്നു. ഇവർ എക്കോ ഡെവലപ്മെന്റ് കമ്മിറ്റി ഭാരവാഹികൾ മുഖേന വനംവകുപ്പിൽ വിവരം അറിയിച്ചു.
പരിശോധന നടത്തി
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നിർദേശപ്രകാരം രാത്രി 10.30 ഓടെ കാളകെട്ടി ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രന്റെ നേതൃത്വത്തിൽ വനപാലക സംഘവും മുക്കുഴി ഫോറസ്റ്റ് ഓഫീസിൽനിന്നുള്ള സംഘവും സ്ഥലത്തെത്തി.
പുലിയെ കണ്ടതായി വിവരം അറിയിച്ച സ്വാശ്രയ സംഘം ഭാരവാഹികളും സംഘം വൈസ് പ്രസിഡന്റ് കെ.കെ. സാബുവും ഉൾപ്പെടെ നാട്ടുകാർ വനപാലക സംഘത്തിനൊപ്പം പരിശോധന നടത്തിയപ്പോൾ മൃഗം ഓടിപ്പോയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി.
സംഘം മടങ്ങിയ ശേഷം ഇന്നലെ രാവിലെയാണ് പ്രദേശത്ത് ഈറയ്ക്കൽ ജ്ഞാനകുമാറിന്റെ വീടിനോടുള്ള ചേർന്നുള്ള ആട്ടിൻകൂട്ടിൽ ആടിനെ കൊന്നിട്ട നിലയിൽ കണ്ടെത്തിയത്.
ജ്ഞാനകുമാറും കുടുംബവും തലേദിവസം രാത്രിയിൽ വീട്ടിൽ ഇല്ലായിരുന്നു. ഇവർ ഇന്നലെ രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ആടിനെ കൊന്നിട്ട നിലയിൽ കണ്ടത്. കഴുത്തിലെ കയർ കുരുങ്ങി കൂടിന് പുറത്തേക്ക് വീണുകിടക്കുന്ന നിലയിലായിരുന്നു ആടിന്റെ ജഡം.
കൊന്നത് പുലിയാകാം
വനം വകുപ്പിൽനിന്നുളള നിർദേശപ്രകാരം മുക്കൂട്ടുതറ സർക്കാർ വെറ്ററിനറി സർജൻ ഡോ. സുബിന്റെ മേൽനോട്ടത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ സുനിൽരാജ് ഇന്നലെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.
ആടിന്റെ കഴുത്തിൽ അജ്ഞാത ജീവി കടിച്ചതിന്റെ ഏഴ് മുറിവുകളും ശരീരഭാഗങ്ങളിൽ ഒരു ഡസനോളം മുറിവുകളുമുണ്ടായിരുന്നെന്നും സ്ഥലത്ത് പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങളും കാൽപ്പാടുകളും കണ്ടെന്ന് സുനിൽരാജ് അറിയിച്ചു.
കഴുത്തിലെ മുറിവിന് രണ്ട് സെന്റിമീറ്റർ ആഴമുണ്ട്. കൂട്ടിൽ എട്ട് ആടുകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്നിനെയാണ് കൊന്നത്. ആടിനെ കഴുത്തിൽ കടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
കൂട്ടിലുള്ള മറ്റ് ആടുകൾ ശബ്ദമുണ്ടാക്കുകയും ആടിന്റെ കഴുത്തിലെ കയർ മുറുകിയതും മൂലം വലിച്ചു കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്.
വേണ്ടത് സുശക്തമായ നടപടി
ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കാൻ എംഎൽഎയും എംപിയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എത്തി പരിഹാരനടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
പരിസരത്ത് ഉണ്ടെന്നു സംശയം
ആടിനെ കൊന്നിട്ട നിലയിൽ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. പരിസരം വിട്ടുപോകാതെ സമീപ പ്രദേശത്ത് കാടുകൾ നിറഞ്ഞ പറമ്പിലോ അടുത്തുള്ള വനത്തിലോ ആടിനെ കൊന്ന ജീവി ഉണ്ടെന്നാണ് സംശയിക്കുന്നത്.
പുലിയെ കണ്ടെന്ന സ്വാശ്രയ സംഘം ഭാരവാഹികളുടെ മൊഴിയും ആടിനെ കൊന്നിട്ട സ്ഥലത്തു കണ്ടെത്തിയ അടയാളങ്ങളും ആടിന്റെ ജഡത്തിലുള്ള മുറിവുകളും സംശയം പുലിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
എയ്ഞ്ചൽവാലി മാട്ടേൽ ജയിംസ്, ഭാര്യ ലീലാമ്മ, അയൽവാസി കാരുവള്ളിൽ ജോയി, ഭാര്യ ഡെയ്സി എന്നിവർ വനത്തിന്റെ സമീപമുള്ള ജയിംസിന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് രണ്ട് പുലികളെ കണ്ടതെന്ന് വനം വകുപ്പിൽ അറിയിച്ചത്.
കുരങ്ങുകളുടെ അസാധാരണമായ ശബ്ദം കേട്ട് നോക്കിയപ്പോൾ രണ്ട് പുലികളെ കണ്ടെന്നും അടുത്തുള്ള പറമ്പിലേക്ക് ഇവ ഓടിപ്പോയെന്നും ഇവർ പറയുന്നു. ഇവിടെയും വനപാലകർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.