മൂലമറ്റം: തലമുറകളുടെ വേഷ സൗന്ദര്യത്തിന് വിവിധ ഫാഷനുകൾ പകർന്നു നൽകിയ മൂലമറ്റം രത്ന നിവാസിൽ കെ.കെ. നാരായണൻ നായർ (83) എന്ന ഫാഷൻ പിള്ള ഓർമയായി.
മൂലമറ്റത്തുള്ള കുടിയേറ്റ ജനതയ്ക്കും പവർഹൗസ് നിർമാണ കാലഘട്ടത്തിലെ തിരക്കേറിയ നാളുകളിലും ഫാഷൻ ടെയ്ലറിംഗ് എന്ന സ്ഥാപനം വഴി ഏതു പ്രായക്കാർക്കും അനുയോജ്യമായ ഡിസൈനിൽ വസ്ത്രം തയ്ക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഇദ്ദേഹം.
വിവാഹവേഷങ്ങളിലുൾപ്പെടെ അന്നത്തെ പുതിയ ഫാഷൻ സങ്കൽപ്പങ്ങളുടെ വക്താവായിരുന്നു. കേരള കോണ്ഗ്രസ് നേതാവായും നായർ സർവീസ് സൊസൈറ്റി ഭാരവാഹിയായുംഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം അറക്കുളത്തെ സാമൂഹികരംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ഏറെക്കാലം ടെയ്ലേഴ്സ് അസോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം പിൻതലമുറക്കാരായ തയ്യൽത്തൊഴിലാളികളുടെ ക്ഷേമത്തിനായി അടിത്തറ പാകുകയും ചെയ്തു.