തൊടുപുഴ: കുതിരലാടത്തിന്റെ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ കൂടാരമാണ് മൂലമറ്റം പവർഹൗസ്. ഏഷ്യയിലെ ഏറ്റവും വലിയ ഈ ഭൂഗർഭ വൈദ്യുതി നിലയത്തിന്റെ നിർമാണം തുടങ്ങിയത് 1972 ഫെബ്രുവരിയിലാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് ഡാമുകൾ കൂടിച്ചേർന്ന ഇടുക്കി പദ്ധതിയുടെ നിർമാണം പൂർത്തിയായത് 1976-ലാണ്.
കുറവൻ -കുറത്തി മലകൾക്കിടയിലൂടെ ഒഴുകുന്ന പെരിയാറിൽ രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാമെന്ന് കണ്ടെത്തിയത് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണിന്റെ കൂർമബുദ്ധിയാണ്. ആദിവാസിയായ കരുവള്ളായൻ കൊലുന്പനാണ് നായാട്ടിനായി ഇദ്ദേഹത്തെ ഇവിടെ കൂട്ടിക്കൊണ്ടു വന്നത്.
കുറവൻ -കുറത്തി മലകളെ ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാനുള്ള സാധ്യത സൂപ്രണ്ടിനു ചൂണ്ടികാട്ടിയത് കൊലുന്പനായിരുന്നു. 168.91 മീറ്റർ ഉയരമാണ് ഇരട്ട ആർച്ചുകളുള്ള ഇടുക്കി ഡാമിനുള്ളത്.
ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിന്റെ രൂപകല്പനയും അനുബന്ധ ഉപകരണങ്ങളുടെ വിതരണവും നടത്തിയത് കനേഡിയൻ കന്പനിയായ എസ്എൻസി ലാവലിനാണ്. 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് പവർഹൗസിനുള്ളത്.
നാടുകാണിമല തുരന്ന്
കുളമാവ് ഡാമിൽനിന്നും 2,500 അടി ഉയരമുള്ള നാടുകാണി മല തുരന്ന് നിർമിച്ച ടണലിലൂടെ രണ്ടു പെൻസ്റ്റോക്ക് പൈപ്പ് വഴിയാണ് പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. നിലയത്തിലെ ജനറേറ്ററുകൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 220 കെവി ട്രാൻസ്ഫോർമറുകളിൽ ശേഖരിച്ച ശേഷമാണ് വിതരണത്തിനായി കൊണ്ടുപോകുന്നത്.
വിതരണം സ്വിച്ച് യാർഡിൽ നിന്ന്
ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വിച്ച് യാർഡിലേക്ക് ഭൂഗർഭ കേബിൾ വഴിയാണ് കൊണ്ടുപോകുന്നത്. ഇതിനായി ഓയിൽ നിറച്ച പ്രത്യേകതരം കോപ്പർ കേബിളാണ് ഉപയോഗിച്ചിരിക്കുന്നത്.
പവർഹൗസിൽനിന്ന് 1,400 അടി അകലെയാണ് സ്വിച്ച് യാർഡ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നാണ് കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള വൈദ്യുതി 220 കെവി ലൈൻവഴി വിതരണം ചെയ്യുന്നത്.
ഉത്പാദനത്തിൽ മുന്പൻ
130 മെഗാവാട്ട് വീതമുള്ള ആറു ജനറേറ്ററുകളാണ് പവർഹൗസിലുള്ളത്. 780 മെഗാവാട്ടാണ് ഇവിടുത്തെ മൊത്തം ഉത്പാദന ശേഷി. അതുവഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയമെന്ന ഖ്യാതിയും തലയെടുപ്പും ഈ പവർഹൗസിന് സ്വന്തം. 1976 ഫെബ്രുവരി 12-നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പവർഹൗസ് രാഷ്ട്രത്തിന് സമർപ്പിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് ഇവിടുത്തെ ജനറേറ്ററുകൾ സ്ഥാപിച്ചത്.
ബിഗ് സല്യൂട്ട്
നിരവധി അപകടങ്ങളിലൂടെ കടന്നുപോയിട്ടുള്ള പവർഹൗസിലെ ജീവനക്കാർ കാലാകാലങ്ങളിൽ ഏറെ ത്യാഗം സഹിച്ചാണ് കേരളത്തെ പ്രകാശിപ്പിക്കുന്ന പ്രക്രിയയിൽ പങ്കാളികളാകുന്നത്.
വിവിധ യന്ത്ര സംവിധാനങ്ങളുടെ നവീകരണത്തിലൂടെ മുഖം മിനുക്കിവരുന്ന വൈദ്യുതി നിലയം 10,000 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് പുതിയ ഖ്യാതിയിലേക്ക് കടക്കുന്പോൾ ഇവിടുത്തെ ജീവനക്കാർക്കും വൈദ്യുതിബോർഡിനും നാടിന്റെ ബിഗ് സല്യൂട്ട്.