തൊടുപുഴ: നിറഞ്ഞു തുളുമ്പാറായ ഇടുക്കി അണക്കെട്ടിലേക്ക് ദിവസേന ഒഴുകിയെത്തുന്നത് പ്രതിദിന വൈദ്യുതി ഉത്പാദനത്തിന്റെ ഇരട്ടിയിലധികം ജലം. ഇതോടെ പരമാവധി വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമങ്ങള്‍ വൃഥാവിലായി. ഇതാണ് 26 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറക്കല്‍ എന്ന അസുലഭ സന്ദര്ഭത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.
ശരാശരി 15.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനമാണ് മൂലമറ്റം പവര്‍ ഹൗസില്‍ ദിനംപ്രതി പരമാവധി നടക്കുന്നത്. ഇന്നലെ 15.015 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ചത്. 1.82 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്.
റിക്കാര്‍ഡ് വൈദ്യുതി ഉത്പാദനമാണ് മൂലമറ്റം പവര്‍ ഹൗസില്‍ നടന്നുവരുന്നത്.ഇപ്പോള്‍ ഓരോ ദിവസവും 35.19 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 130 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള അഞ്ച് ജനറേറ്ററുകള്‍ 24 മണിക്കൂര്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
ആകെയുള്ള ആറു ജനറേറ്ററുകളില്‍ ഒരെണ്ണം നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ബാക്കിയുള്ള ജനറേറ്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്നരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക.
പരമാവധി വൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായി വരുന്നതിന്റെ ഇരട്ടിയോളം ജലം കനത്ത മഴ മൂലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിനാലാണ് ഡാമില്‍ ജലനിരപ്പ് വേഗത്തില്‍ ഉയരുന്നതിനിടയാക്കിയത്.
പരമാവധി വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ ജലനിരപ്പ് നിയന്ത്രിക്കാനാണ് വൈദ്യുതി ബോര്‍ഡ് ആദ്യഘട്ടത്തില്‍ ശ്രമിച്ചതെങ്കിലും ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടിയിലധികം വെള്ളം ഒഴുകിയെത്തിയതോടെയാണ് ഡാം തുറക്കല്‍ അനിവാര്യമായത്.
അഞ്ചു ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്ത്തനത്തിലായതോടെ മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് ദിവസേന ആയിരം ഘനയടി വെള്ളമാണ് തൊടുപുഴയാറിലേക്ക് പുറന്തള്ളുന്നത്.
ഇതോടെ തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തൊടുപുഴ മേഖലയില്‍ മഴ ശക്തിപ്പെട്ടു നില്ക്കുന്നതിനാല് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്, ഇതോടെ തൊടുപുഴയാര്‍ ഒഴുകിയെത്തുന്ന വാഴക്കുളം , മൂവാറ്റുപുഴ, പിറവം മേഖലകളിലുള്ളവരും ഭീതിയുടെ നിഴലിലാണ്.
മൂലമറ്റത്തു നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ തോത് വര്‍ധിച്ചതോടെ മലങ്കര അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തിയിരിക്കുകയാണ്. മൂലമറ്റത്തു നിന്നും വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം പൂര്‍ണമായി സംഭരിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് തീര പ്രദേശത്തുള്ളവര്‍ക്ക് മുന്നറിയിപ്പു നല്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നത്.