പ്രക്ഷോഭത്തിനൊരുങ്ങി കൊച്ചി വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. കലക്ടറേറ്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരുെട പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷം 11 കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല. തുതിയൂരില്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ആവര്‍ത്തിച്ചുള്ള പരാതികള്‍ ജില്ലാഭരണകൂടം കൂടി ചെവികൊള്ളാതായതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. 316ല്‍ 46 കുടുംബങ്ങള്‍ക്കു മാത്രമാണ് പുനരധിവാസം ലഭിച്ചത്. എല്ലാവര്‍ക്കും പുനരധിവാസം ലഭിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.