ചിറ്റൂർ: അന്പതുകോടി രൂപ ചെലവിൽ നവീകരിച്ച മൂലത്തറ റഗുലേറ്റർ 16ന് ഉദ്ഘാടനം ചെയ്യാൻ ചിറ്റൂർ ബ്ലോക്ക് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
കെ.ബാബു എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ് ധന്യ ജലസേചന വകുപ്പുമേധാവികളും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസ് വഴിയാണ് റഗുലേറ്റർ ഉദ്ഘാടനം നടത്തുക.
1991-ലാണ് തമിഴ്നാട്ടിൽ കനത്ത മഴമൂലം അപ്രതീക്ഷിതമായെത്തിയ പ്രളയജലത്തിൽ ഷട്ടറുകൾ തകർന്നത്. ഷട്ടറുകൾ തുറക്കാൻ റഗുലേറ്ററിൽ കയറിയ രണ്ടുജീവനക്കാർ പതിനഞ്ചു മണിക്കൂറുകളോളം കുടുങ്ങിയ സംഭവവും നടന്നിരുന്നു.
ഇതേ തുടർന്നു കോയന്പത്തൂരിൽനിന്നും ഹെലികോപ്റ്റർ എത്തിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. 2009-ൽ റഗുലേറ്റർ നിർമാണത്തിനിടെ വലതുകനാൽ ജലഗതാത പാതയും സംരക്ഷണഭിത്തിയും തകർന്നിരുന്നു.
റെഗുലേറ്ററിന്റെ ഇരുവശത്തായും പത്തുമീറ്റർ നീളത്തിൽ ആറു വൻകിട ഷട്ടറുകൾ നിർമിച്ചിട്ടുണ്ട്. ഇവ രണ്ടും യന്ത്രസഹായത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇതിനായി ഷട്ടറിനു സമീപത്തായി ശക്തികൂടിയ ജനറേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.
അടിയന്തരഘട്ടങ്ങളിൽ എട്ട് മിനിറ്റിൽ ജലനിരപ്പ് ഉയർത്താൻ ഷട്ടർ ഉയർത്താനാകുന്ന സാങ്കേതിക വിദ്യയും പ്രവർത്തിക്കുന്നു. മുപ്പത്തിമൂന്ന് ഷട്ടറുകളാണുണ്ടായിരുന്നത്. കാലപഴക്കത്തിൽ ദുർബലവാസ്ഥ യിലായതിനാൽ നൂതന സാങ്കേതികവിദ്യയിൽ ഇവയെല്ലാം നവീകരിച്ചു.
കന്പാലത്തറ ഏരിയിലേക്ക് ജലം നിറയ്ക്കാൻ എട്ടുദിവസം വേണ്ടിവരും. എന്നാൽ പുതിയ ഷട്ടറുകൾ വഴി കൂടുതൽ ജലം വിടാമെന്നതിനാൽ രണ്ടുദിവസം മതിയാകും. കൂടുതൽ പാടശേഖരസമിതികളിലേക്ക് വെള്ളം ഇറ ക്കാനാകും. വലതുകനാൽ ഷട്ടർവഴിയും കുടുതൽ വെള്ളംവിടാൻ കഴിയും.