ന്യൂഡൽഹി: ഇന്ത്യയുടെ ഇന്ധനക്ഷാമം ചന്ദ്രൻ പരിഹരിക്കുമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞ ശിവതനു പിള്ള. 2030 ഓടെ ഇന്ത്യക്കാവശ്യമായ ഇന്ധനം ചന്ദ്രനിൽനിന്നും ലഭിച്ചുതുടങ്ങുമെന്നും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുമായി ഐഎസ്ആർഓ മുന്നോട്ടുപോകുകയാണെന്നും ശിവതനു പിള്ള പറഞ്ഞു. ഐഎസ്ആർഒയുടെ ഇനിവരുന്ന പദ്ധതികളിൽ ഏറ്റവും പ്രാമുഖ്യം ചന്ദ്രനിലെ ഇന്ധന പര്യവേഷണത്തിനാണ്. 2030 ഓടെ ഇത് പ്രായോഗികമാകുമെന്നും അവർ പറഞ്ഞു. ഓബ്സേർവർ റിസേർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ചന്ദ്രനിലെ പൊടിപടലങ്ങൾ ഹീലിയത്താൽ (ഹീലിയം-3) സന്പുഷ്ടമാണ്. ഇത് ഖനനം ചെയ്തെടുത്താണ് ഇന്ധനമായി പരിവർത്തിപ്പിക്കുക. പദ്ധതി ഒരു ദശാബ്ദത്തിനുള്ളിൽ യാഥാർഥ്യമാകും. ലോകത്തിന്റെ മുഴുവൻ ഇന്ധന ആവശ്യങ്ങളും പരിഹരിക്കാൻ കഴിയുംവിധം ഹീലിയം സന്പുഷ്ടമാണ് ചന്ദ്രനെന്നും ശിവതനു പിള്ള പറഞ്ഞു. ആളുകൾ മൂണിലേക്ക് (ചന്ദ്രൻ) ഹണിമൂൺപോകാൻ ആരംഭിക്കുന്ന കാലം അതിവിദൂരമല്ലെന്നും അവർ കൂട്ടിച്ചേർത്തു.