ചന്ദ്രനിൽപ്പോയി താമസിക്കുക എന്നത് മനുഷ്യന്റെ ചിരകാല സ്വപ്നമാണ്. അമേരിക്കയുടെ നാസയും നമ്മുടെ ഐഎസ്ആർഒയുമൊക്കെ അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനിൽചെന്നാൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പറ്റുമോ എന്നതായിരുന്നു പലരുടേയും ആശങ്ക. എന്നാൽ ഇനി ആ സംശയവും വേണ്ട.
അടുത്തവർഷത്തോടെ ചന്ദ്രനിൽ മൊബൈൽ നെറ്റവർക്ക് തുടങ്ങാനുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. മൊബൈൽ നെറ്റ് വർക്കിംഗ് കന്പനിയായ വൊഡാഫോണ്‍ ജർമനിയും, മൊബൈൽഫോണ്‍ നിർമാതാക്കാളായ നോക്കിയയും, കാർനിർമാതാക്കളായ ഒൗഡിയും ചേർന്നാണ് ഇതിനാവശ്യമായ പണം മുടക്കുന്നത്.
ബഹിരാകാശത്ത് ഉപയോഗിക്കാൻ കഴിയുന്നതും തീരെ ഭാരം കുറഞ്ഞതുമായ ഫോണുകൾ നിർമിക്കാനുള്ള ചുമതല നോക്കിയയ്ക്കാണ്. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിറ്റി സയിന്റിസ്റ്റ് എന്ന കന്പനിയാണ് നെറ്റ് വർക്ക് തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങൾ വഹിച്ചുകൊണ്ടുപോകാനുള്ള റോക്കറ്റ് നിർമിക്കുന്നത്. ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഫോർ ജി നെറ്റ് വർക്കാകും ചന്ദ്രനിൽ സ്ഥാപിക്കുന്നത്.